
രാജകുമാരി: ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും ഒരു ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. പക്ഷേ അതിനൊപ്പം സ്വീകരിക്കാവുന്ന കുറേ മാര്‍ഗങ്ങളുണ്ട്.
വ്യായാമത്തോടെയുള്ള ജീവിത രീതി, വിഷ രഹിതമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ. വാക്കുകളിലൂടെയല്ലാതെ പ്രവര്‍ത്തിയിലൂടെ ഈ മാതൃക പൊതുജനത്തിനു മുന്പില് അവതരിപ്പിക്കുകയാണ് രാജകുമാരി പി.എച്ച്.സിയിലെ ഡോക്ടര്‍മാരും ജീവനക്കാരും.
ആശുപത്രി പരിസരത്ത് കാടുപിടിച്ചുകിടന്നിരുന്ന സ്ഥലം ഇന്ന് മികച്ച മാതൃകാ കൃഷിത്തോട്ടമാണ്. പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനൊപ്പം ജൈവകൃഷിക്കായും സമയം കണ്ടെത്താന്‍ ജീവനക്കാര്‍ ശ്രമിക്കുന്നു. മൂന്നുവര്‍ഷം മുന്‍പാണ് ആശുപത്രി വക ഭൂമിയില്‍ കൃഷി ചെയ്യാന്‍ ജീവനക്കാര്‍ തുടങ്ങിയത്. കാടുപിടിച്ചു കിടന്നിരുന്ന പ്രദേശം ഗാന്ധിജയന്തി ദിനത്തില്‍ ഇവര്‍ വെട്ടിത്തെളിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും കാട് വ്യാപിക്കാതിരിക്കാന്‍ പൂന്തോട്ടം നിര്‍മിക്കാമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ജൈവകൃഷി ചെയ്ത് സമൂഹത്തിനു വിഷരഹിതമായ ഭക്ഷ്യവസ്തുക്കളുടെ ആവശ്യകത എന്ന സന്ദേശം പകര്‍ന്നു നല്‍കാമെന്നു തീരുമാനിക്കുകയായിരുന്നു. ഇത്തവണ വ്യത്യസ്ഥ കൃഷി രീതികളാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. കുടിയേറ്റ കാലത്ത് സര്‍വ സാധാരണമായി ഉപയോഗിച്ചിരുന്ന വിവിധയിനം നാട്ടുപച്ചക്കറികള്‍ നിലവില്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പലതും ഹൈറേഞ്ചിന്റെ വീടുകളില്‍നിന്ന് പടിയിറങ്ങിയവയാണ്.
പഴമയുടെ കൃഷികള്‍ തിരികെ എത്തിച്ചപ്പോള്‍ നൂറുമേനി വിളവാണ് ആശുപത്രി വളപ്പില്‍ വിളഞ്ഞത്. വിളവെടുക്കുന്ന പച്ചക്കറികള്‍ പാലിയറ്റീവ് ലിസ്റ്റിലുള്ള കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ എത്തിച്ചുനല്‍കാനും ജീവനക്കാര്‍ പദ്ധതി ഒരുക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനി മുകുന്ദന്, ഡോ. അക്സീന അലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാനുവല്‍, ജീവനക്കാരായ എം ബി. ബിന്ധു, വിജയലക്ഷ്മി എിവരുടെ നേതൃത്വത്തിലാണ് കൃഷിജോലികള്‍ ചെയ്യുന്നത്. രാവിലെ നേരത്തെ എത്തിയും വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞും കൃഷി പരിപാലനത്തിനായി ഇവര്‍ സമയം കണ്ടെത്തുന്നു.






