
കോട്ടയം : വലിയകുളം സീറോ ജട്ടി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചു,പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന തരത്തില്‍ എം.പി ഫണ്ട് ലഭിക്കുന്നതിനായി ഇടപെട്ടു. നൂറ് മീറ്ററോളം നിലം നികത്തി എന്നിങ്ങനെയാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയത്. ഇക്കാര്യങ്ങളാണ് നിലവില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്.
ആരോപണവുമായി ബന്ധപ്പെട്ട് ജനുവരി നാലിന് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താനും ജനുവരി 18 നുള്ളില്‍ അന്വേഷണ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗാമായാണ് കോടതിയില്‍ വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.





