ന്യുഡല്‍ഹി: വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയും ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വവുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൊഗാഡിയ തന്നെ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉന്നയിച്ചിരുന്നു. മോഡിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്റെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് തൊഗാഡിയ ആരോപണം ഉന്നയിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
രാമജന്മഭൂമി തര്‍ക്കത്തെക്കുറിച്ചുള്ള തൊഗാഡിയയുടെ പുസ്തകത്തിലാണ് (Saffron Reflections: Faces & Masks) മോഡിക്കെതിരായ രൂക്ഷവിമര്‍ശനം. പ്രധാനമന്ത്രി പദത്തിലെത്താന്‍ നരേന്ദ്ര മോഡി ഹിന്ദുക്കളെ രാമക്ഷേത്രത്തിന്റെ പേരില്‍ വഞ്ചിച്ചുവെന്നും ഗോവധ നിരോധനം നടപ്പിലാക്കുന്നതില്‍ മോഡി പരാജയപ്പെട്ടുവെന്നും പുസ്തകത്തില്‍ വിമര്‍ശനമുള്ളതായി തൊഗാഡിയയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉന്നത ആര്.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട രഹസ്യ ചര്‍ച്ചകളെക്കുറിച്ചും ഒത്തുതീര്‍പ്പുകളെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നതായി ആരോപണമുണ്ട്. തൊഗാഡിയയുടെ പുസ്തകം രാജ്യത്ത് രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കശ്മീര്‍, രാമജന്മ ഭൂമി വിഷയങ്ങള്‍ ഉന്നയിച്ച് മോഡി സര്‍ക്കാരിനെതിരെ മാര്‍ച്ചില്‍ പ്രക്ഷോഭം തുടങ്ങാനിരിക്കയാണ് തൊഗാഡിയ.






