
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി 'മിന്നല്‍' സര്‍വീസിനെതിരെ വനിതാ കമ്മിഷന് രംഗത്ത്. അര്‍ധരാത്രിയില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങാനായി 'മിന്നല്‍' ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കെ.എസ്.ആര്.ടി.സിയ്ക്കെതിരെ വനിതാ കമ്മിഷന് സമയോചിതമായും മാനുഷികമായും പെരുമാറുന്നതില്‍ ബസ് ജീവനക്കാര്‍ക്ക് വീഴ്യുണ്ടായെന്ന് കമ്മിഷന് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ എ.ഹേമചന്ദ്രനില്‍ നിന്നും വനിതാ കമ്മിഷന് വിശദീകരണം തേടും.
പെണ്‍കുട്ടിയുടെ സുരക്ഷയെ കുറിച്ച് തികഞ്ഞ അവഗണനയാണ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും രാത്രി കാലങ്ങളില്‍ ഏതു തരത്തിലുള്ള ബസിലായാലും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നും മിന്നല്‍ പോലുള്ള ബസുകള്‍ യാത്ര പുറപ്പെടുമ്പോഴും പ്രധാന സ്റ്റോപ്പുകളില്‍ നിന്നും യാത്രക്കാര്‍ കയറുമ്പോഴും സ്റ്റോപ്പുകളെ കുറിച്ചുള്ള വിവരം ലഭ്യമാക്കണമെന്നും കമ്മിഷന് നിര്‍ദേശിച്ചു.
കോട്ടയം പാലായിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ നിന്നും പയ്യോളിയിലെ വീട്ടിലേയ്ക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനി സഞ്ചരിച്ച ബസാണ് കുട്ടി ആവശ്യപ്പെട്ടിട്ടും നിര്‍ത്താന്‍ തയ്യാറാകാതിരുന്നത്. രണ്ടിടത്തു വച്ച് പോലീസ് കൈ കാണിച്ചിട്ടും ബസ് നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് വയര്‍ലെസ് സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് ചെമ്പോല പോലീസ് ജീപ്പ് കുറുകെയിട്ട് ബസ് തടയുകയായിരുന്നു.
അതേസമയം, മിന്നല്‍ ബസുകള്‍ വളരെ നല്ല സര്‍വീസാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ആളുകള്‍ കയറുമ്പോള്‍ തന്നെ അടുത്തതായി നിര്‍ത്തുന്ന സ്റ്റോപ്പ് ഏതെന്ന പറഞ്ഞ ശേഷമാണ് ആളെ കയറ്റാറെന്നുമാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്.






