
ന്യൂഡല്‍ഹി: വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി മുന്‍താരം വീരേന്ദര്‍ സെവാഗ് രംഗത്ത്. ഒരു ചാനലില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സെവാഗിന്റെ പരാമര്‍ശം. നിലവിലെ ഇന്ത്യന്‍ ടീമില്‍ കോഹ്ലിയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ സംസാരിക്കാനോ ധൈര്യമുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിലില്ലെന്ന് വീരേന്ദര്‍ സെവാഗ് പറഞ്ഞു.
ഡ്രസ്സിങ് റൂമില്‍ വെച്ച് കോഹ്ലിയുടെ ടീം സെലക്ഷനെ ചോദ്യം ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ ആരും തന്നെ ടീമിലില്ലെന്നും എല്ലാവരും കോഹ്ലിയുടെ താഴെയാണ് എന്നുമാണ് താരത്തിന്റെ വിമര്‍ശനം. ഒരാള്‍ മാത്രം വിജയിച്ചാല്‍ മത്സരം വിജയിക്കാനാകില്ല. അതിന് ടീം ഒന്നിച്ച് പ്രവര്‍ത്തിക്കണം.
ഒരോ കളിക്കാരനും അവന്റേതായ സംഭാവന നല്‍കണം. പരിശീലകനില്‍ നിന്ന് തേടുന്ന ഉപദേശങ്ങള്‍ മാത്രം ഗ്രൗണ്ടില്‍ നടപ്പാക്കരുത്. വിജയിക്കണമെങ്കില്‍ ടീമിനൊപ്പം ഇരുന്ന് കൃത്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ നായക സ്ഥാനത്ത് കോഹ്ലി അധിക കാലം വാഴില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്ത് വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഇന്ത്യന്‍ നായക സ്ഥാനത്ത് കോഹ്ലി അധിക കാലം കാണുമെന്ന് തോന്നുന്നില്ലെന്ന് സ്മിത്ത് തുറന്നടിച്ചു.
കോഹ്ലി, നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരിക്കും, പക്ഷേ സ്വന്തം കാര്യം മാത്രം നോക്കാതെ സഹകളിക്കാരുടെ കാര്യവും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ടീമിലെ സഹകളിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് സ്മിത്ത് ആരോപിക്കുന്നു.
ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ്ലിക്കെതിരെ എതിര് ശബ്ദം ഉയരുന്നില്ലെന്നും അത്തരത്തിലൊരാള്‍ ടീമില്‍ ഉണ്ടാകണമെന്നും സ്മിത്ത് പറഞ്ഞു. തന്റെ ആശയങ്ങളെ വെല്ലുവിളിക്കാന്‍ കോഹ്ലിക്ക് ഒരാളെ ആവശ്യമുണ്ട്, അയാള്ക്കെ കോഹ്ലിയെ ഉയര്ത്താകൂ എന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.






