
കൊച്ചി: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന സംബന്ധിച്ച കേസ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 31-ന് പരിഗണിക്കും. കോടതിയുടെ അന്വേഷണ മേല്നോട്ട നടപടിക്രമങ്ങള് പൂര്ത്തിയായിട്ടില്ല. ദിലീപ് നല്കിയ രണ്ട് ഹര്ജികളിലും തീര്പ്പായിട്ടില്ല. ഇതില് തീരുമാനം എടുത്ത ശേഷം കുറ്റപത്രം വിചാരണക്കായി മജിസ്ട്രേറ്റ് കോടതി സെഷന്സ് കോടതിക്ക് കൈമാറും.
പള്സര് സുനി ഉള്പ്പടെയുള്ള ആറ് പ്രതികളുടെ റിമാന്ഡ് കാലാവധി കോടതി 31 വരെ നീട്ടി. കേസിലെ പ്രതിയായ നടന് ദിലീപ് കോടതിയില് ഹാജരായില്ല. ഇന്ന് ഹാജരാകാനാകില്ലെന്ന് കാണിച്ച് ദിലീപ് കോടതിയില് അപേക്ഷ നല്കി. കേസിലെ എല്ലാ പ്രതികളും 31-ന് ഹാജരാകാന് കോടതി നിര്ദേശിച്ചിട്ടുണ്ട്. അന്ന് കേസ് സെഷന്സ് കോടതിയിലേക്ക് മാറ്റിക്കൊണ്ട് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടേക്കും. സെഷന്സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക.
കേസ് എത്രയും പെട്ടെന്ന് വിചാരണക്കോടതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും എന്നാല് ചില പ്രതികള് ഹാജരാകാത്തതിനാല് കേസ് മാറ്റിവെക്കുകയായിരുന്നെന്നും സുനില്കുമാറിന്റെ അഭിഭാഷകനായ അഡ്വ. ബി.എ.ആളൂര് പറഞ്ഞു. കേസ് സെഷന്സ് കോടതിയില് എത്തിയാലേ വിചാരത്തടവുകാര്ക്ക് ജാമ്യം ലഭിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.







Comments