
ന്യുഡല്‍ഹി: ദേശീയപാതകളിലെ അപകടങ്ങള്‍ വിളിച്ചറിയിക്കുന്നതിനും പരാതിപ്പെടുന്നതിനും കേന്ദ്രസര്‍ക്കാര്‍ ടോള്‍ ഫ്രീ നമ്പര്‍ കൊണ്ടുവരുന്നു. ദേശീയപാത അതോറിറ്റിയാണ് നമ്പര്‍ ഏര്‍പ്പെടുത്തുന്നത്. '1033' എന്ന ഹെല്പ്പ്ലൈന് നമ്പര്‍ ഫെബ്രുവരി ആദ്യവാരം നിലവില്‍ വരുമെന്നാണ് സൂചന.
ടോള്‍ഫ്രീ ഹെല്പ്പ്ലൈന് നമ്പറുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂര്‍ത്തിയായതായി ദേശീയപാത അതോറിറ്റി ചെയര്മാന് ദീപക് കുമാര്‍ പറഞു. അപകടത്തില്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കുന്നതിനും അവരെ രക്ഷപ്പെടുത്തുന്നതിനും ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ദേശീയപാതകളില്‍ ആംബുലന്‍സ് സേവനവും ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാര്‍ക്കിടയില്‍ ഈ ടോള്‍ ഫ്രീ നമ്പര്‍ പ്രചരിപ്പിക്കുന്നതിന് വ്യാപകമായ പ്രചാരണങ്ങള്‍ നടത്തും. മുഴുവന്‍ ദേശീയപാതകളുടേയും ഭൂപടം ഉള്‍പ്പെടുത്തി ജിയോഗ്രാഫിക് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം ദേശീയപാത മാനേജ്മെന്റ് കമ്പനി രൂപീകരിച്ചതായും ദേശീയപാത അതോറിറ്റി അറിയിച്ചു. ഇതോടെ വിളിക്കുന്ന ആളുടെ ലൊക്കേഷന്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കോള്‍ സെന്ററുകള്‍ക്ക് കഴിയും.
അപകടം സംബന്ധിച്ച വിളി കോള്‍ സെന്ററില്‍ എത്തിയാലുടന്‍ ഏറ്റവും അടുരത്തുള്ള ഓപറേഷന് സെന്ററിലേക്ക് സന്ദേശം എത്തും. അപകട സ്ഥലത്ത് എത്രയും വേഗം ആംബുലന്‍സോ ക്രെയിനോ എത്തിക്കുന്നതിനും ഇതുവഴി സാധിക്കും.
അതേസമയം, രാജ്യത്തെ മൊത്തും റോഡ് നെറ്റ്വര്ക്കില് രണ്ട് ശതമാനം മാത്രമാണ് ദേശീയപാതയില്‍ വരുന്നത്. ഇവിടെയുണ്ടാകുന്ന അപകടങ്ങള്‍ 30% വരും. 2016ല്‍ ദേശീയപാതകളില്‍ ഉണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത് 52,075 ജീവനുകളാണ്. 1.46 ലക്ഷം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.






