
റായ്പൂര്‍: ആണ്‍കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ ശരീരഭാഗങ്ങള്‍ വ്യക്തമാകുന്ന രീതിയില്‍ വസ്ത്രം ധരിച്ചാല്‍ നിര്‍ഭയാ കൂട്ടബലാത്സംഗം പോലെയുള്ള സംഭവങ്ങള്‍ വിളിച്ചു വരുത്തുമെന്ന ടീച്ചറുടെ പ്രസ്താവന വിവാദമാകുന്നു. റായ്പൂര്‍ കേന്ദ്രവിദ്യാലയത്തില്‍ ഒരു ബയോളജി ടീച്ചറുടേതാണ് ഈ ഗുണദോഷം. ഇതിന് വേണ്ടി തന്നെയാണ് നിര്‍ഭയയെ പോലെയുള്ള പെണ്‍കുട്ടികള്‍ പുറത്തു പോകുന്നതെന്നു കൂടി പറഞ്ഞു.
സ്നേഹലത് ഷംഘ്വാര് എന്ന ടീച്ചറാണ് വിവാദത്തിലായത്. ഇതറിഞ്ഞ് കലിപ്പടിച്ച മാതാപിതാക്കള്‍ ടീച്ചര്‍ക്കെതിരേ തിങ്കളാഴ്ച പരാതി നല്കി. ടീച്ചര്‍ ക്ളാസ്സില്‍ നടത്തിയ പ്രസ്താവന വിചിത്രവും ഭീതിയും ആശങ്കയും ഉളവാക്കുന്നതുമാണെന്ന് കാണിച്ച് കുട്ടികളില്‍ നിന്നും ഒരു ആളില്ലാപരാതിയും പ്രിന്‍സിപ്പലിന് കിട്ടിയിട്ടുണ്ട്. ഒമ്പതിലെയും 11 ലെയും കുട്ടികള്‍ ഷംഘ്വാറിന്റെ കൗണ്‍സലിംഗ് സെഷന് രഹസ്യമായി ചിത്രീകരിച്ച വീഡിയോ ഷെയര്‍ ചെയ്യുകയും അത് തെളിവായി നല്‍കുകയും ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടികളോട് ജീന്‍സ് ധരിക്കുന്നതിനും ലിപ്സ്റ്റിക് തേക്കുകന്നതിനും മുന്നറിയിപ്പ് നല്കിയ ടീച്ചര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു '' കാണാന്‍ സുന്ദരികള്‍ അല്ലാത്തവരാണ് ശരീരപ്രദര്‍ശനം നടത്തുന്നത്. നിര്‍ഭയയെപ്പോലെ അര്‍ദ്ധരാത്രിയില്‍ ഭര്‍ത്താവല്ലാത്ത ആളുടെ കൂടെ നാണമുള്ള പെണ്‍കുട്ടികള്‍ പുറത്തുപോകുമോ? അതിന് എന്തിനാണ് ഇത്രയും കോലാഹലമെന്ന് മനസ്സിലാകുന്നില്ല. പെണ്‍കുട്ടികള്‍ക്ക് ഇത്തരം സംഭവങ്ങള്‍ സാധാരണ ഉണ്ടാകുന്നത് ഉള്‍നാടന്‍ പ്രദേശങ്ങളിലാണ്. അര്‍ദ്ധരാത്രി മകളെ പുറത്ത് പോകാന്‍ നിര്‍ഭയയെ പോലെ ഒരു പെണ്‍കുട്ടിയുടെ മാതാവ് ഒരിക്കലും അനുവദിക്കരുതായിരുന്നു. ''
''നിര്‍ഭയാ സംഭവം ബലാത്സംഗം ചെയ്തവരുടെ കുറ്റമല്ല. മറിച്ച് അവളുടെ തെറ്റാണ്. ഇത്തരം സംഭവം നടക്കുന്നത് അവരുടെ വിധിയാണ്. അവര്‍ക്കുള്ള ശിക്ഷയാണെന്നും ടീച്ചര്‍ പറഞ്ഞു. അതേസമയം ടീച്ചറിന്റെ ക്ളാസ്സ് കേട്ട ശേഷം തങ്ങള്‍ക്ക് ഇറുകിയ വസ്ത്രങ്ങള്‍ അണിഞ്ഞ് ആണ്‍കുട്ടികള്‍ക്കൊപ്പം ക്ളാസ്സില്‍ ഇരിക്കാന്‍ പേടിയാകുന്നെന്നാണ് പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് പറഞ്ഞത്. ഒരു പെണ്‍കുട്ടി ശരീരം പുറത്തു കാണുന്ന തരം വസ്ത്രം അണിയുന്നത് അവളെ എളുപ്പത്തില്‍ കിട്ടുമെന്ന തോന്നല്‍ ആണ്‍കുട്ടിക്ക് ജനിപ്പിക്കുമെന്നും അവള് ഇത് ആഗ്രഹിക്കുന്നു എന്നാണെന്നും ടീച്ചര്‍ പറഞ്ഞതായി ഒരു കുട്ടി ആരോപിക്കുന്നു.
സംഭവം അറിഞ്ഞതോടെ വിളറി പിടിച്ച് ചില മാതാപിതാക്കള്‍ സ്കൂളില്‍ എത്തുകയും ടീച്ചറിനെതിരേ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തതായി വിവരമുണ്ട്. എന്നാല്‍ ജനുവരി 25 വരെ പരാതി കിട്ടിയിട്ടില്ല എന്നാണ് പ്രധാനാദ്ധ്യാപകന് പറഞ്ഞത്. പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നും തെറ്റു ചെയ്തെന്ന് ബോദ്ധ്യം വന്നാല്‍ ടീച്ചര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഒരു പിതാവിന് പ്രിന്‍സിപ്പല്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. ടീച്ചര്‍ക്കെതിരേ വിദ്യാഭ്യാസമന്ത്രി, കളക്ടര്‍, പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള ഉദ്ദേശത്തിലാണ് അധികൃതര്‍.






