
കോട്ടയം : അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ കൊല്ലുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് സ്വര്‍ണ്ണ നാണയം വാഗ്ദാനം ചെയ്ത സംഘടനാ ഭാരവാഹിക്കെതിരെ കേരളാ പോലീസ് എടുത്ത കേസ് കോടതി തള്ളി. സ്വര്‍ണനാണയം വാഗ്ദാനം ചെയ്തു എന്നു കരുതി മൃഗങ്ങളോടുള്ള ക്രൂരത നടന്നുവെന്നതിനു തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വാദത്തിനെടുക്കും മുമ്പ് കേസ് തള്ളിയത്
പാലാ സെന്റ്തോമസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളെ കൊല്ലുന്ന പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്മാന് എന്നിവര്‍ക്ക് സ്വര്‍ണനാണയം വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ജയിംസ് പാമ്പയ്ക്കലിന്റെ പേരിലാണ്, മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമമനുസരിച്ചു കേസെടുത്തത്.
തെരുവുനായയുടെ ആക്രമണത്തെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയത്.
പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.






