
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ വഴിപാട് പണം തട്ടിയെടുത്ത കേസിൽ പ്രതികൾ ആ തുക സ്റ്റോക്ക് മാർക്കറ്റിലും നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയുമടക്കം 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിനിടെ, അന്വേഷണം നിലവിൽ അറസ്റ്റിലായ ജീവനക്കാരിൽ തന്നെ ഒതുങ്ങുമെന്ന സൂചനയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം നൽകുന്നത്.
പോലീസ് കസ്റ്റഡിയിൽ തുടരുന്ന ചോദ്യം ചെയ്യലിനിടെ പ്രതിയായ അനുകൽപ് മിശ്രയാണ് വഴിപാട് പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി സമ്മതിച്ചത്. സഹപ്രതി അവിനാശ് ശുക്ലയ്ക്കൊപ്പമാണ് കൂടുതൽ ലാഭം ലക്ഷ്യമിട്ട് തുക നിക്ഷേപിച്ചതെന്നും പലിശയ്ക്ക് പണം നൽകിയതായും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായും അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. പ്രതികളെ വീണ്ടും വീടുകളിലെത്തിച്ച് തെളിവെടുപ്പും നടത്തി.
അതേസമയം, കേസിൽ അറസ്റ്റിലായ എട്ട് പേരിൽ അന്വേഷണം അവസാനിക്കുമെന്ന സൂചനയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയത്. കാണിക്കപ്പണം എണ്ണാൻ നിയോഗിച്ചിരുന്ന 150 ജീവനക്കാരിൽ എട്ട് പേർ മാത്രമാണ് പ്രതികളായതെന്നും പ്രതിപക്ഷത്തിന്റെ ആരോപണം കേട്ടാൽ എല്ലാവരും പ്രതികളാണെന്ന് തോന്നുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ ക്ഷേത്ര ട്രസ്റ്റ് നേതൃത്വത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും ശക്തമാകുന്നു.






