
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്വപ്ന പദ്ധതികളിൽ ഉൾപ്പെട്ട നമ്പർ വൺ സർവകലാശാല ടൗൺഷിപ്പ് തിരുവനന്തപുരത്ത് ആരംഭിക്കാൻ അനുമതി. സംസ്ഥാനത്തിന്റെഉന്നത വിദ്യാഭ്യാസ രംഗത്തിന് കൂടുതൽ കരുത്ത് ഇത് പകരുമെന്ന് കേന്ദ്ര സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സർവ്വകലാശാല ടൗൺഷിപ്പുകൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചലനം സൃഷ്ടിക്കും. വിദ്യാർത്ഥി സമൂഹത്തിന്റെ ഭാവി വിദ്യാഭ്യാസത്തിലൂടെ സുരക്ഷിതമാക്കാനും സംയോജിത ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ വളർത്താനും ഇത് സഹായിക്കും.
കേന്ദ്ര ബജറ്റിൽ അഞ്ചു സർവകലാശാല ടൗൺഷിപ്പുകളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിട്ടുള്ളത്.ഈ കേന്ദ്രങ്ങൾക്കായി 1.39 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ടൗൺഷിപ്പുകൾ സ്ഥാപിതമാകുന്ന സംസ്ഥാനങ്ങൾ ഏതെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിൽ തിരുവനന്തപുരത്ത് ഇതിനായുള്ള ഭൂമി കണ്ടെത്തിയെന്നാണ് വിവരം.
ഭാരതത്തിലെ പ്രമുഖ വ്യാ വസായിക - ലോജിസ്റ്റിക് കോറിഡോറുകൾക്ക് സമീപമായിരിക്കും ടൗൺഷിപ്പുകൾ എന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. തലസ്ഥാനം നഗരമായ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഐ. എസ്. ആർ. ഒ, ടെക്നോപാർക്ക്, ഐസർ, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളുടെ പരസ്പര സാമീപ്യം കേന്ദ്രസർക്കാരിന്റെ പുതിയ സർവകലാശാല ടൗൺഷിപ്പ് നഗരമാകാൻ തിരുവനന്തപുരത്തെ സജ്ജമാക്കിയതായി വിദ്യാ വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നവേഷൻ ക്ലസ്റ്റർ(ടി -റിക് )നോടൊപ്പം സർവകലാശാല ടൗൺഷിപ്പ്കൂടി എത്തുന്നതോടെ കേരളത്തിലെ സർവ്വകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, വൻ വ്യവസായ സംരംഭങ്ങൾ, തുറമുഖം എന്നിവയെ യൊക്കെ പരസ്പരം ബന്ധിച്ചുകൊണ്ടുള്ള പുതിയ വികസന മാതൃക രൂപപ്പെടുത്താനാകും.സംസ്ഥാനത്തിന്റെ പൊതുവായ വളർച്ചയ്ക്ക് ഇതൊരു വൻ നാഴികക്കല്ലാകും.
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലായിരിക്കും ടൗൺഷിപ്പ് പ്രവർത്തിക്കുക. എന്നാൽ ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, നഗര വികസനം, വ്യവസായിക വികസനം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും ഇതിൽ പങ്കാളികളാകും. ടൗൺഷിപ്പിന് അവശ്യമായ സ്ഥലം കണ്ടെത്തേണ്ട ചുമതല സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ് .പുറമേ കേന്ദ്രത്തിനൊപ്പം 40 ശതമാനം തുക മുടക്കുകയും വേണം.
കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള അഞ്ചു ടൗൺഷിപ്പുകളിൽ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും രണ്ടെണ്ണം വീതം ഉണ്ടായിരിക്കും.വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നിൽ ആയിരിക്കും മറ്റൊരെണ്ണം സ്ഥാപിക്കുക.
അക്കാദമിക -ഗവേഷണ- വ്യവസായിക മേഖലകൾ തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് പുതിയ സർവ്വകലാശാല ടൗൺഷിപ്പുകളിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.ഇതിന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ച് ടൗൺഷിപ്പുകളിൽ ഒന്നിലധികം സർവകലാശാലകളും അനുബന്ധ കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും നൈപുണ്യ വികസന കേന്ദ്രങ്ങളും ഉണ്ടാകും.ഇതിനുപുറമേ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും താമസിക്കുന്നതിനായി പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കും.
വിജ്ഞാന സമ്പാദനത്തിന്റെ നൂതനാശയമാ ണ് സർവകലാശാല ടൗൺഷിപ്പുകൾ. 60 ശതമാനം കേന്ദ്ര സഹായത്തോടെ സ്ഥാപിതമാകുന്ന ഇവ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, തൊഴിൽ നൈപുണ്യ രംഗത്തും പുത്തൻ കാൽവെയ്‌പായിരിക്കുമെന്ന് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധർ വിശ്വസിക്കുന്നു.






