
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച 'ആദി' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് വരികയാണ്. അഭിനയ രംഗത്തേക്കുള്ള പ്രണവിന്റെ ചുവടു വയ്പ്പിനു വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഗാന രംഗങ്ങളും അവയിലെ പ്രണവിന്റെ പ്രകടനവുമാണ് ഏറ്റവും കൈയ്യടി നേടുന്നത്. പ്രണവ് തന്നെ എഴുതി, ഗിറ്റാര്‍ മീട്ടി പാടിയ 'ജിപ്സി വുമണ്‍' എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. സംഗീതത്തില്‍ അതീവ തല്പരനായ പ്രണവ് പതിനേഴാം വയസ്സില്‍ എഴുതിയ ഗാനമാണ് 'ആദി'യില്‍ ഉപയോഗിക്കപ്പെട്ടത്. പ്രണവിന്റെ കസിനും വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ലൈന്‍ പ്രൊഡ്യൂസറുമായ സിതാര സുരേഷ് പങ്കു വച്ചതാണ് ഈ വിവരം.
പ്രണവിന്റെ അമ്മ സുചിത്രയുടെ സഹോദരന് സുരേഷ് ബാലാജിയുടെ മകളാണ് സിതാര. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ 'പാപനാശം', തൂങ്കാവനം തുടങ്ങിയ ചിത്രങ്ങളുടെ ലൈന്‍ പ്രൊഡ്യൂസറായിരുന്നു സിതാര.
ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനില്‍ ജോണ്സണ് ആണ്. ഗാനത്തില്‍ നിറഞ്ഞുനില്ക്കുന്ന ഗിത്താര്‍ വായിച്ചത് പ്രണവും സന്ദീപ് മോഹനനും ചേര്‍ന്നാണ്. സിനിമയില്‍ ഒരു ഇംീഷ് ഗാനം എഴുതാനും പാടാനും താല്പര്യമുണ്ടെന്ന് പ്രണവ് തന്നെയാണ് സംവിധായകന് ജീത്തു ജോസഫിനോട് പറഞ്ഞത്. പ്രണവിന്റെ ആഗ്രഹത്തിന് ജീത്തു സമ്മതം മൂളുകയായിരുന്നു.
ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രണവിന്റെ അച്ഛന് വേഷത്തില്‍ സിദ്ദിഖും അമ്മയായി ലെനയും അഭിനയിക്കുന്നു. പുലിമുരുകനിലൂടെ മോഹന്‍ലാലിന്റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലന്‍. അനുശ്രീ, അദിതി എന്നിവരും സിനിമയിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.






