
കൊച്ചി: യുവനടി സനൂഷയെ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ വാദം കേട്ട് പോലീസ് ഞെട്ടി. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്റോ ബോസ് ആണ് പിടിയിലായത്.
ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നാണ് പ്രതി ആന്റോ ബോസിന്റെ വാദം. എന്നാല്‍ പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. സ്വര്‍ണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രി തിരുവനന്തപുരം കണ്ണൂര്‍ മാവേലി എക്സ്പ്രസ്സില്‍ യാത്ര ചെയ്യവേ വടക്കാഞ്ചേരി സ്റ്റേഷനില്‍ വച്ചാണ് സനൂഷയ്ക്ക് ദുരനുഭവം ഉണ്ടായത്. നടിയുടെ അടുത്ത ബെര്‍ത്തിലെ യാത്രക്കാരനായിരുന്നു ആന്റോ ബോസ്. തനിക്കു നേരെ അതിക്രമത്തിന് മുതിര്‍ന്ന അയാളുടെ കൈ പിടിച്ചുവച്ച് ബഹളം വച്ചിട്ടും അടുത്തുണ്ടായിരുന്ന സഹയാത്രികരാരും സഹായത്തിനെത്തിയില്ലെന്ന് നടി പറയുന്നു. ഒടുവില്‍ അതേ ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള രഞ്ജിത്ത് എന്നയാളുമാണ് സഹായത്തിന് എത്തിയതെന്നും സനൂഷ പ്രതികരിച്ചു.
റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സ്റ്റേഷനില്‍ നിന്നും പോലീസെത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മാനഭംഗശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കില്‍ മാത്രമേ മലയാളിക്ക് പ്രതികരണ ശേഷി ഉള്ളൂവെന്നും നേരിട്ട് ഒരു അനുഭവം ഉണ്ടായപ്പോള്‍ ആരും സഹായത്തിന് എത്താതിരുന്നതില്‍ വിഷമമുണ്ടെന്നും നടി പ്രതികരിച്ചിരുന്നു.






