
െവെക്കം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന്റെ അവസ്ഥ ദിനംപ്രതി വഷളാകുന്നു. ദിനംപ്രതി കയ്യേറ്റവും മാലിന്യ നിക്ഷേപവും വര്‍ധിച്ചുവരുന്നു. കായലില്‍ തണ്ണീര്‍മുക്കം ബണ്ട് മുതല്‍ പൂത്തോട്ട വരെ മണലൂറ്റ് നിര്‍ബാധം നടക്കുന്നു. ടൂറിസത്തിന്റെ പേരില്‍ വികസനസാധ്യതകള്‍ അവകാശപ്പെടുന്നവര്‍ വിസ്മരിക്കരിക്കുന്നതിനെ തുടര്‍ന്ന് വേമ്പനാട്ട് കായല്‍ മരണക്കയത്തില്‍.
പ്രകൃതിയുടെ നിലനില്പിനെത്തന്നെ തകിടം മറിക്കുന്ന അവസ്ഥയിലേക്കാണ് കായല്‍ പോകുന്നത്. കായല്‍ മൂന്നിലൊന്നായി ചുരുങ്ങിയിട്ടും സമ്പത്ത് ഗണ്യമായി കുറഞ്ഞിട്ടും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. കായലില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നതും ആശങ്കാജനകമാണ്. കുടിവെള്ള പദ്ധതികളെയും നെല്കര്ഷകരെയുമാണ് ഇത് ഏറ്റവുമധികം ബാധിക്കുക. അനധികൃത മണല്‍ഖനനം മത്സ്യ സമ്പത്തിനേയും കറുത്തകക്കയുടെ പ്രജനനത്തേയും ഗുരുതരമായി ബാധിച്ചു കഴിഞ്ഞു.
ബണ്ടിന്റെ തെക്കുവടക്ക് ഭാഗങ്ങളിലായി അമ്പതിനായിരത്തോളും മത്സ്യത്തൊഴിലാളികളുണ്ട്. 14 സൊെസെറ്റികളിലായി ആയിരത്തിലേറെ കക്കാ തൊഴിലാളികള്‍ പണിയെടുത്തിരുന്ന കായലിന്റെ ശോച്യാവസ്ഥ മൂലം ഇവരെല്ലാം ഇന്ന് നിത്യവൃത്തിക്ക് ബുദ്ധിമുട്ടുകയാണ്. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്നു. 120 ഇനം മത്സ്യങ്ങളാണ് കായലില്‍ ഉള്ളതെന്ന് ഈ മേഖലയില്‍ പഠനം നടത്തിയിട്ടുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇന്ന് പലതരം മത്സ്യങ്ങളും കായലിനു അന്യമായിക്കഴിഞ്ഞു. 72 ഇനം പക്ഷികളുള്ളതില്‍ ഏതാണ്ട് 40 എണ്ണം ദേശാടന പക്ഷികളാണ്. ഇവയെല്ലാം കായലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന ചെമ്മീന്‍, കരിമീന്‍, ഞണ്ട് എന്നിവ അതിന്റെ ജീവിതചക്രം പൂര്‍ത്തീകരിക്കുന്നത് വേമ്പനാട്ട് കായലിലാണ്. കായലിനെ ആശ്രയിച്ച് അറിയപ്പെടുന്ന രണ്ട് മത്സ്യമാര്‍ക്കറ്റുകളും െവെക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കോവിലകത്തും കടവ്, മുറിഞ്ഞപുഴ ഫിഷ്ലാന്റിങ് സെന്റര്‍ എന്നിവയാണവ. കടല്‍ മത്സ്യങ്ങള്‍ ഈ മാര്‍ക്കറ്റുകളില്‍ വിപണനത്തിലെത്തുന്നുണ്ടെങ്കിലും മാര്‍ക്കറ്റിന്റെ സമ്പത്ത് കായല്‍ മത്സ്യങ്ങളാണ്.
ടൂറിസത്തിന്റെ പേരില്‍ പെരുകിക്കൊണ്ടിരിക്കുന്ന ഹൗസ് ബോട്ടുകളും മറ്റുമാണ് കായലിന് കൊലവിളി ഉയര്‍ത്തുന്നത്. ഇവിടെയെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അധികാരി വര്‍ഗങ്ങള്‍ താല്‍ക്കാലിക നേട്ടത്തിനായി കായലിനോടു കണ്ണടയ്ക്കുന്നു. വേമ്പനാട്ട് കായലിന് കുറുകേ ഇപ്പോള്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ ബണ്ടിനുപോലും കായല്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. തീരദേശ പരിപാലന നിയമപ്രകാരം വേമ്പനാട്ട് കായലിനും ഇതിന്റെ തീരത്തുനിന്നും 300 മീറ്റര്‍ പരിധിയില്‍ യാതൊരുതരത്തിലുമുള്ള ഖനനമോ, നിര്‍മാണപ്രവര്‍ത്തനമോ നടത്തുന്നത് കുറ്റകരമാണ്. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തി നിര്‍മാണ ജോലികള്‍ തകൃതിയാണ്.
ടൂറിസത്തെ മുന്‍നിര്‍ത്തിയാണ് കായല്‍ കയ്യേറ്റത്തെ പലരും മറക്കുന്നത്. കായലിനെ കൊലവിളി ഉയര്‍ത്തി അഴിഞ്ഞാടുന്ന ടൂറിസ്റ്റ് മാഫിയകള്‍ക്കും മറ്റുമെതിരേ പ്രതികരിക്കേണ്ടവര് ഒന്നുമറിയാത്ത ഭാവത്തിലാണ്. ടൂറിസത്തെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ പോലും കായലിനെ കൊല്ലുന്നു. ഇതുതന്നെയാണ് മാഫിയകളുടെ അഴിഞ്ഞാട്ടത്തിനും പ്രചോദനമാകുന്നത്. ഇതിനു മാറ്റമുണ്ടായില്ലെങ്കില്‍ കായലിന്റെ പേരില്‍ അഹങ്കരിക്കുന്ന ഒരു നാടിന് വലിയ വെല്ലുവിളികളായിരിക്കും വരുംനാളുകളില്‍ ഉണ്ടാവുക.
കഴിഞ്ഞ ദിവസം ടി.വി പുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു യുവജനസംഘം കായലിനേക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇവരുടെ വിവരങ്ങള്‍ അനുസരിച്ച് മാലിന്യപ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ െവെക്കം കായലിന് മാത്രം അവകാശമുണ്ടായിരുന്ന മത്സ്യസമ്പത്ത് നശിച്ചുപോയേക്കാം. പരിസ്ഥിതി പ്രവര്‍ത്തകര്‍ പേടിപ്പെടുത്തുന്ന കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ ചുറ്റുപാടും കായല്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും പ്രസ്താവനകളും ഉയരുന്നത് പതിവുകാഴ്ചയാവുകയാണ്. സന്നദ്ധ-യുവജന സംഘടനകള്‍ കായല്‍ സംരക്ഷണം തങ്ങളുടെ പ്രചരണായുധമാക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും വ്യാപകമായി ഉയരുകയാണ്.






