
കണ്ണൂര്‍: സോളാര്‍ സമരത്തിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈ.എഫ്.ഐ. മുന്‍ നേതാവ് സി.ഒ.ടി നസീര്‍ മാപ്പുപറഞ്ഞു. തലശേരി ഗസ്റ്റ് ഹൗസിലെത്തിയാണു മാപ്പ് പറച്ചില്. കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്കു നെറ്റിക്കും നെഞ്ചിനും പരുക്കേറ്റിരുന്നു. കല്ലെറിഞ്ഞ കേസില്‍ താന്‍ യഥാര്‍ത്ഥ പ്രതിയല്ലെന്നും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെന്ന് മാത്രമേയുള്ളുവെന്നും നസീര്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു. കേസിലെ എണ്‍പതാം പ്രതിയാണ് നസീര്‍.
2013 ഒക്ടോബര്‍ 27 നു കണ്ണൂരില്‍ പോലീസ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരേ കല്ലേറ്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സി.പി.എം നേതാക്കളായ പി. ജയരാജന് , പി.കെ. ശ്രീമതി, എം.വി. ജയരാജന്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.
മുഖ്യമന്ത്രിയുടെ കാര്‍ പോലീസ് മൈതാനിയിലേക്കു വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഒന്നാം ഗേറ്റിനു സമീപത്തെത്തിയപ്പോള്‍ കല്ലേറുണ്ടായി. കാറിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. കാര്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി പുറത്തിറങ്ങിയപ്പോഴാണു നെറ്റിയുടെ ഇരുഭാഗത്തുനിന്നും ചോര പൊടിഞ്ഞതു കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് നസീര്‍ അടക്കമുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. നസീര്‍ ഏറെക്കാലമായി സി.പി.എമ്മുമായി അകല്‍ച്ചയിലാണ്.






