
അലഹബാദ്: നിയമവിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതിയെ സുല്‍ത്താന്‍പുരില്‍ നിന്ന് പുലര്‍ച്ചെ അറസ്റ്റു ചെയ്തതായി പോലീസ്. ഇയാള്‍ റെയില്‍വേയില്‍ ടിക്കറ്റ് പരിശോധകനാണ്. സംഭവത്തിനു ശേഷം പല സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചിരുന്ന ഇയാളെ സുല്‍ത്താന്‍പുര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.
ഈ മാസം ഒന്‍പതിനാണ് എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായ ദിലീപ് സരോജിനെ (26) ഒരു സംഘം ആളുകള്‍ റെസ്റ്റോറന്റിന്റെ മുന്നിലിട്ട് അടിച്ചുകൊന്നത്. അക്രമ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിൂടെ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. റെയില്‍വേയിലെ ഒരു ജീവനക്കാരനും മറ്റു രണ്ടു പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ദിലീപിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞിരുന്നു.
ദളിത് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിയെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കഴിയാതെ വന്നത് വലിയ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. അലഹബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയും പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് അടക്കം ഉപരോധിക്കുകയും ചെയ്തിരുന്നു. പ്രതിയുടെ രാഷ്ട്രീയ ബന്ധമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.






