
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുൈഹെബ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ് തില്ലങ്കേരിക്കും റിജിന്‍ രാജിനും സി.പി.എം. നേതൃത്വവുമായി അടുത്ത ബന്ധം. സി.പി.എമ്മിന്റെ െസെബര്‍ പോരാളികളിലൊരാളാണ് ആകാശ്. തിരുവനന്തപുരത്ത് സി.പി.എം. ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ആര്.എസ്.എസ്. പ്രവര്‍ത്തകനായ വിനീഷിനെ വധിച്ച കേസിലെ പ്രതികള്‍ കൂടിയാണ് ആകാശും റിജിന്‍ രാജും. ഇവര്‍ക്ക് അന്നു സംരക്ഷണമൊരുക്കിയതു സി.പി.എമ്മായിരുന്നു.
ആകാശിന്റെ മാതാപിതാക്കള്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളാണ്. കൊലപാതകവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞൊഴിയുക എളുപ്പമല്ലെന്നു വ്യക്തം. ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പവും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനൊപ്പവും നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. വിഷമവൃത്തത്തിലായെന്നു പാര്‍ട്ടി തിരിച്ചറിഞ്ഞെന്ന വസ്തുതയിലേക്കു വിരല്‍ ചൂണ്ടുന്നതാണ് കസ്റ്റഡിയിലുള്ളതു യഥാര്‍ഥ പ്രതികളല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.
കൊലപാതകം നടന്ന ദിവസത്തെ ചില സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. കൊലപാതകം നടത്തിയശേഷം പ്രതികള്‍ കാര്‍ മാറിക്കയറുന്ന ദൃശ്യങ്ങളില്‍ ആകാശുമുണ്ടെന്നാണു പോലീസ് നല്കുന്ന സൂചന. ഷുെഹെബ് കൊല്ലപ്പെട്ട് ആറു ദിവസമായിട്ടും അറസ്റ്റുണ്ടാകാത്തത് പ്രതിക്കൂട്ടിലുള്ള സി.പി.എമ്മിനെയും ആഭ്യന്തര വകുപ്പിനെയും സമ്മര്‍ദത്തിലാക്കിയതിനു പിന്നാലെയാണ് ആകാശും റിജിന്‍ രാജും ഇന്നലെ മാലൂര്‍ സ്റ്റേഷനില്‍ കീഴടങ്ങിയെന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് എത്തിയതെന്നും വാര്‍ത്ത പരന്നത്. ഇവരടക്കം സി.പി.എം. ബന്ധമുള്ള അഞ്ചു പേരെ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
പേരാവൂര്‍, മുഴക്കുന്ന് മേഖലകളിലെ സി.പി.എം. പാര്‍ട്ടി ഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയോളം പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ആകാശിനെയും റിജിനെയും കണ്ടെത്തിയെന്നു പോലീസ് അവകാശപ്പെടുന്ന മുടക്കോഴി മല നേരത്തേ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുടെ ഒളിയിടമായിരുന്നു. അക്രമികള്‍ക്കു പ്രാദേശിക സഹായം നല്‍കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പോലീസ് പറയുന്നു. പ്രാഥമിക തെളിവെന്ത്, ഇവരെ ഇത്രനാള്‍ ഒളിപ്പിച്ചതാര്, കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളെവിടെ, ബോംബ് എവിടെ നിര്‍മിച്ചു, സംഘര്‍ഷ മേഖലയല്ലാത്ത മട്ടന്നൂരില്‍ ആരാണ് ഇവ എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള വിശദീകരണമാണു പോലീസ് തേടുന്നത്.






