
ഛണ്ഡീഗഡ്: പ്രധാനമന്ത്രിയുടെ ടെലിവിഷന്‍ പരിപാടി കാണിക്കാന്‍ സ്കൂള്‍ അധികൃതര്‍ ദളിത് വിദ്യാര്‍ത്ഥികളെ ഇരുത്തിയത് സ്കൂള്‍ മാനേജരുടെ വീട്ടിലെ കുതിരലായത്തില്‍. നരേന്ദ്രമോഡിയുടെ വെള്ളിയാഴ്ച നടന്ന 'പരീക്ഷാ പേ ചര്‍ച്ച' സംപ്രേഷണം ചെയ്തപ്പോള്‍ ഹരിയാനയിലെ കുളു സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകരാണ് വിവേചനത്തിന്റെയും അപമാനത്തിന്റെയും പുതിയ അദ്ധ്യായം കൂടി കുട്ടികളെ പഠിപ്പിച്ചത്.
സംഭവത്തില്‍ ദളിത് സംഘടനകള്‍ പ്രതിഷേധം തുടങ്ങി. സ്കൂള്‍ മാനേജ്മെന്റ കമ്മറ്റി തലവന്റെ വീട്ടിലായിരുന്നു പരിപാടി കാണാന്‍ സൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍ മൊത്തം കുട്ടികളില്‍ നിന്നും ദളിത് വിദ്യാര്‍ത്ഥികളെ പ്രത്യേകമായി വിളിച്ചു കൊണ്ടു പോയ മെഹര്‍ചന്ദ് എന്ന അദ്ധ്യാപകന് അവരെ കുതിര ലായത്തിലേക്ക് പ്രവേശിപ്പിക്കുകയും പരിപാടി കഴിയും വരെ പുറത്തു പോകരുതെന്ന കര്‍ശനമായ താക്കീത് നല്‍കുകയും ചെയ്തു. പുറത്തു വന്ന വിദ്യാര്‍ത്ഥികള്‍ കുളു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് തങ്ങളുടെ നോട്ടു ബുക്കില്‍ നിന്നും ചിന്തിയെടുത്ത കടലാസില്‍ പരാതി നല്‍കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ ക്ളിപ്പുകള്‍ പുറത്തായതോടെ കടുത്ത പ്രതിഷേധവുമായി ദളിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്കൂളിനും അധികൃതര്‍ക്കുമെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഹെഡ്മാസ്റ്റര് മാപ്പു പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ സംഘടനകള്‍ കൂട്ടാക്കിയിട്ടില്ല. അതേസമയം ഉച്ചഭക്ഷണ സമയത്തും തങ്ങളോട് അദ്ധ്യാപകര്‍ സമാന രീതിയിലുള്ള വിവേചനം കാട്ടാറുണ്ടെന്ന് കുട്ടികള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സ്കൂളിലെ സാധാരന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം നല്‍കാറില്ല. ഹെഡ്മാസ്റ്റര് പോലും ഇക്കാര്യത്തില്‍ കൂട്ടു നില്‍ക്കാറാണ് പതിവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.






