പാലക്കാട്: അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിച്ചുകൊന്ന അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകനെ ന്യായീകരിച്ച് എന്‍. ഷംസുദീന്‍ എം.എല്‍.എ. മധുവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം സെല്‍ഫി എടുത്ത ഉബൈദ് മര്‍ദ്ദന സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഷംസുദീന്‍. ഉബൈദ് മധുവിനെ മര്‍ദ്ദിച്ചില്ല. സെല്‍ഫി എടുക്കുക മാത്രമേ ചെയ്തുള്ളൂ. ഉത്തരവാദിത്തപ്പെട്ട യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാവിലെ തന്നെ ഇക്കാര്യം തന്നെ വിളിച്ചു അറിയിച്ചിരുന്നുവെന്നും ഷംസുദീന്‍ അവകാശപ്പെട്ടു.
ഇന്ന് രാവിലെ യു.ഡി.എഫിന്റെ ഒരു ഉത്തരവാദിത്തപ്പെട്ട പ്രവര്ത്തകന് എന്നെ വിളിച്ചിട്ട് ഉബൈദ് കാട്ടിലേക്ക് പോയിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തുള്ളുവെന്നും പറഞ്ഞു. അയാള്‍ സെല്‍ഫി എടുത്ത് സംഭവം പരസ്യമാക്കുക മാത്രമാണ് ചെയ്തത്. ഞാനത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അതില്‍ ഇടപെടില്ല. നിയമം അതിന്റെ വഴിക്ക് പോകും-എം.എല്‍.എ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണങ്ങളില്‍ പങ്കെടുത്തവരുടെ ഫോട്ടോ ഉപയോഗിച്ച് തനിക്കെതിരെ ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണ്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും എം.എല്‍.എ ആരോപിച്ചു.
രണ്ട് വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ എടുത്ത ഫോട്ടോയാണ് അത്. അതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടത് അപലപനീയമാണ്. ആള്‍ക്കൂട്ടത്തില്‍ സി.പി.എം ബി.ജെ.പി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെല്ലാം ന്യായമായ ശിക്ഷ നല്‍കണമെന്നും എം.എല്‍.എ പറഞ്ഞു.






