
മീററ്റ് : സഹാരണ്പൂരുകാരിയായ ഹര്‍ഷിതാ അറോറയ്ക്ക് വെറും 16 വയസ്സേ ആയിട്ടുള്ളൂ. വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടുമില്ല. പക്ഷേ കക്ഷിയുടെ 32 രാജ്യങ്ങളിലെ 1000 ക്രിപ്റ്റോ കറന്‍സിയുടെ വിലനിലവാര വ്യതിയാനത്തെക്കുറിച്ച് ഉപയോക്താവിന് വിവരം നല്കുന്ന ആപ്പ് ഇപ്പോള്‍ ആപ്പിള്‍ സ്റ്റോറിന്റെ പെയ്ഡ് ആപ്പുകളില്‍ ഏറ്റവും പ്രചാരമുള്ളതാണ്. ഈ ജനുവരി അവസാനം ലോഞ്ച് ചെയ്ത ആപ്പ് വന്‍ ഹിറ്റായി മുന്നേറുകയാണ്.
ഒരു ഉള്‍നാടന്‍ സാമ്പത്തിക സ്ഥാപന ഉടമയുടേയും വീട്ടമ്മയുടെയും മകളായി ജനിച്ച ഹര്‍ഷിത ഇന്ത്യയിലെ കേവലവും പരമ്പരാഗതവുമായ വിദ്യാഭ്യാസത്തില്‍ തീരെ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് 14ാം വയസ്സില്‍ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു എത്തിയത് കമ്പ്യൂട്ടറിന്റെയും സാങ്കേതിക വിദ്യയൂടേയും മായിക ലോകത്തേക്ക് ആയിരുന്നു. ഇന്ത്യയിലെ സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ താന്‍ വില കുറച്ച് കാണുന്നില്ല. എന്നാല്‍ ജീവിതത്തില്‍ വിവിധ ലക്ഷ്യങ്ങളുള്ള തന്റെ രീതികള്‍ക്ക് തികച്ചും സാധാരണ രീതിയിലുള്ള ഇന്ത്യന്‍ വിദ്യാഭ്യാസം അനുയോജ്യമാണെന്ന് തീരെ കരുതുന്നില്ലെന്നാണ് ഹര്‍ഷിതയുടെ പ്രതികരണം. അതുകൊണ്ട് വീടു തന്നെ സ്കൂളാകുകയും കമ്പ്യൂട്ടര്‍ ടെക്നോളജി സ്കൂള്‍ കരിക്കുലമാകുകയും ചെയ്തു.
2016 ല്‍ ആയിരുന്നു ക്രിപ്റ്റോ കറന്‍സികളെക്കുറിച്ച് ഹര്‍ഷിത ആദ്യം കേട്ടത്്. തുടര്‍ന്ന് ബിറ്റ്കോയിനിലേക്ക് ഇറങ്ങിയ പെണ്‍കുട്ടി ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങള്‍ മനസ്സിലാക്കാന്‍ ആരംഭിച്ചു. ഹര്ഷിതയ്ക്ക ഈ താരപരിവേഷം പെട്ടെന്ന് ഉണ്ടായതല്ല. ആപ്പ് ഹര്‍ഷിത ആദ്യം അവതരിപ്പിച്ചപ്പോള്‍ ഈ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് ഐഒഎസ് പ്ളാറ്റ്ഫോം പോലെയുള്ള ഒരു കാര്യം സാധ്യമാകുമോയെന്നായിരുന്നു പലരുടേയും സംശയം.
എന്നാല്‍ എല്ലാം പെണ്‍കുട്ടി പിന്നിട്ടു. പതിമൂന്നാം വയസ്സ് തൊട്ട ഡിസൈനിംഗ് ആശയങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ട താന്‍ ഐടി മാസികകള്‍ പതിവായി വായിക്കുമായിരുന്നെന്നും ഫീല്‍ഡിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ പോലും തിരിച്ചറിയാന്‍ ശ്രമിക്കുമായിരുന്നെന്നും പറഞ്ഞു. അതിലൂടെയാണ് ക്രിപ്റ്റോ കറന്‍സി എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠിച്ചത്. പിന്നീട് തന്റെ ഇന്റര്‍നെറ്റ് വഴി സുഹൃത്തുകളും യഥാര്‍ത്ഥ നിക്ഷേപകരുമായി ചര്‍ച്ച നടത്തി. അങ്ങിനെയാണ് ആപ്പിന്റെ ആവശ്യകത മനസ്സിലാക്കിയെടുത്തത്.
കുറേക്കാലം മുമ്പ് ഹര്‍ഷിത അമേരിക്കയില്‍ മസ്സാച്യൂവറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ ഹൈസ്കൂള്‍ സംരംഭകര്‍ക്ക് വേണ്ടിയുള്ള പരിപാടിയായ എംഐടി ലോഞ്ചില്‍ പങ്കെടുത്തിട്ടുണ്ട്. നാലാഴ്ച നീണ്ട പരിപാടി 15 നും 19 നും ഇടയില്‍ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള ഈ പരിപാടി ഏറെ സഹായകരമായെന്നും ഇതില്‍ പങ്കെടുത്ത പലരും ആപ്പ് വികസിപ്പിക്കുന്നതില്‍ സഹായിച്ചതായും ഹര്‍ഷിത പറയുന്നു. സാങ്കേതിക വിദ്യാ അടിസ്ഥാനമാക്കി ബിസിനസ് സൊല്യൂഷന് നടത്തുന്ന ആര്ട്ടിലിഫെക്സ് നോളജ് മാനേജിംഗ് ഡയറക്ടര്‍ ഗെരിക്കേ പോട്ട്ഗിയേപ്പറാണ് സഹായം നല്‍കിയത്.
തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പറക്കാനൊരുങ്ങുന്ന ഹര്‍ഷിത ജൂണില്‍ അമേരിക്കയ്ക്ക് പറക്കാനും സ്വയം സംരംഭകയാകാനും ഒരുങ്ങുകയാണ്. സ്നാപ്പ് ഫുഡ് എന്ന ആപ്പിന്റെ ജോലിയിലാണ് ഹര്‍ഷിത. ഏറ്റവും ഇഷ്ടപ്പെടുന്ന ചില പ്രത്യേക ഭക്ഷണത്തെക്കുറിച്ചുള്ള വിവരം ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ ആപ്പ്. ഹര്‍ഷിതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്.






