
കൊച്ചി: എം.എം അക്ബറിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസിലെ ഏഴാം പ്രതിയാണ് അക്ബര്‍. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെയും കൊണ്ട് മറ്റു സ്ഥലങ്ങളിലും പോകേണ്ടതുള്ളത് കൊണ്ട് ഏഴ് ദിവസത്തേ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.
ഇന്നലെ രാവിലെയാണ് എം.എം അക്ബറിനെ ഹൈദരാബദ് വിമനാത്തവളത്തില് വെച്ച് അധികൃതര്‍ തടഞ്ഞത്. സ്കൂളിലെ രണ്ടാം ക്ലാസില്‍ പഠിപ്പിക്കാന്‍ തയാറാക്കിയ മത പാഠപുസ്തകത്തില്‍ നിങ്ങളുടെ സഹപാഠി മതപരിവര്‍ത്തനത്തിന് തയ്യാറായി വന്നാല്‍ എന്ത് ഉപദേശമാണ് ആദ്യം നല്‍കുക എന്ന പാഠഭാഗം ആണ് വിവാദമായത്.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരാതിക്കാരനായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സ്കൂള്‍ റെയ്ഡ് ചെയ്യുകയും വിവാദ പാഠപുസ്തകം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പാഠപുസ്തകം തയ്യാറാക്കിയ മുംബൈയിലെ അല്‍ ബുറൂജ് പബ്ലിക്കേഷന്‍ മേധാവി, കണ്ടന്റ് ഡിറ്റര്‍, പാഠപുസ്തക ഡിസൈനര്‍ എന്നിവരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പീസ് ഇന്റര്‍നാഷ്ണല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. എന്സിഇആര്ടിയുടേയോ സിബിഎസ്ഇയോ എസ്സിഇആര്‍ടിയോ നിര്‍ദ്ദേശിച്ച സിലബസായിരുന്നില്ല പീസ് സ്കൂളില്‍ പഠിപ്പിച്ചിരുന്നത്.






