
ന്യൂഡല്‍ഹി: പണത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. പീറ്റര്‍മുഖര്‍ജി ഇന്ദ്രാണിമുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്സ് പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു അറസ്റ്റ്. ഫെബ്രുവരി 16 ന് കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്ക്കരരാമനെ അടുത്തിടെ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
നേരത്തേ കാര്‍ത്തിയുടെ ചെന്നൈയിലുള്ള ഓഫീസില്‍ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. യൂറോപ്പില്‍ നിന്നും ഇന്ന് രാവിലെ ചെന്നൈയില്‍ എത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു അറസ്റ്റ്. പി ചിദംബരം മന്ത്രിയായിരുന്ന യുപിഎ യുടെ ഭരണ കാലത്ത് തന്റെ സ്വാധീനം ഉപയോഗിച്ചുള്ള നികുതിവെട്ടിപ്പിന് സഹായിച്ചതിന് ഐഎന്‍എക്സ് മീഡിയയില്‍ നിന്നും കാര്‍ത്തി പണം കൈപ്പറ്റിയതായിട്ടാണ് സിബിഐ ആരോപിക്കുന്നത്. തന്റെ സേവനത്തിന്റെ പ്രതിഫലമായി കൈപ്പറ്റിയതെന്ന കരുതുന്ന 10 ലക്ഷം രൂപയുടെ വൗച്ചറും സിബിഐ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. മൗറീഷ്യസില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ നികുതിവെട്ടിപ്പിനായി തന്റെ സ്വാധീനം ഉപയോഗിച്ച് വിദേശ നിക്ഷേപ പ്രമോഷന് ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കാര്‍ത്തിക്കെതിരേയുള്ള പ്രധാന ആരോപണം. ഐഎന്‍എക്സ് മീഡിയാ കേസില്‍ തനിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടികള്‍ക്ക് സ്റ്റേ ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ മെയ് യിലാണ് കാര്‍ത്തിക്കെതിരേ കേന്ദ്ര അന്വേഷണ ഏജന്‍സി കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസ് ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ എല്ലാറ്റിനും കൃത്യമായ തെളിവുണ്ടെന്നാണ് സിബിഐ പറയുന്നത്. സിബിഐയുടെ അടുത്ത നീക്കമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചെന്നൈയില്‍ നിന്നും കാര്‍ത്തി ചിദംബരത്തെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.






