
ആലപ്പുഴ: അംഗീകാരമില്ലാത്തതിന്റെ പേരില്‍ ഈ അധ്യയനവര്‍ഷം ആറായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് സംസ്ഥാനത്ത് പൂട്ടുവീഴാനൊരുങ്ങുമ്പോള് സുപ്രീംകോടതിയുടെ നിലപാട് നിര്‍ണായകം. സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടുത്ത ഒമ്പതിന് പരിഗണിക്കും. കോടതിവിധി കാത്തിരിക്കുകയാണു സര്‍ക്കാരും അണ് എയ്ഡഡ് മേഖലയും.
പരീക്ഷാക്കാലം ആരംഭിക്കുകയും പുതിയ അധ്യയന വര്‍ഷത്തിനുളള ഒരുക്കം തുടങ്ങുകയും ചെയ്യേണ്ട ഘട്ടത്തില്‍ സ്കൂള്‍ മാനേജുമെന്റുകളും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും ആശങ്കയിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഈമാസം 31ന് പൂട്ടണമെന്നു കാട്ടി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ കഴിഞ്ഞ ഡിസംബറില്‍ നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞമാസം 20-ന് വീണ്ടും നോട്ടീസ് നല്കി. ഇതോടെയാണ് സ്കൂള്‍ മാനേജുമെന്റുകളുടെ സംഘടനകള്‍ സുപ്രീംകോടതിയെയും െഹെക്കോടതിയെയും സമീപിച്ചത്. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലെ പ്രധാന ആവശ്യം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നല്കിയ കണക്കുപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരാണ് സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സ്കൂളുകള്‍ പൂട്ടുന്നത്. സ്കൂളിന് അംഗീകാരമുണ്ടെങ്കില്‍ അറിയിക്കണമെന്നും അല്ലാത്തപക്ഷം 2017 -'18 അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്നുമാണ് നിര്‍ദേശം.
ധിക്കരിച്ച് സ്കൂളുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം മാനേജര്‍ക്കെതിരേ ക്രിമിനല്ക്കേസെടുക്കാനും പിഴയീടാക്കാനുമാണു സര്‍ക്കാര്‍ നീക്കം. കേരള വിദ്യാഭ്യാസച്ചട്ടപ്രകാരം പുതിയ സ്കൂള്‍ തുടങ്ങണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് അടുത്ത് പൊതുവിദ്യാലയങ്ങളില്ലെന്നു ബോധ്യപ്പെടണം. ഈ വ്യവസ്ഥ പാലിക്കാതെയാണ് 90 ശതമാനത്തോളം സി.ബി.എസ്.ഇ. സ്കൂളുകളും നടത്തുന്നതെന്നാണ് ഡി.ഇ.ഒമാരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
മൂന്നേക്കര്‍ സ്ഥലം, സ്ഥിരംകെട്ടിടങ്ങള്‍, നിശ്ചിത യോഗ്യതയുളള അധ്യാപകര്‍, ആധുനിക പഠനരീതി, കുറഞ്ഞത് 300 കുട്ടികള്‍ എന്നീ വ്യവസ്ഥകളോടെ സ്കൂളുകള്‍ക്ക് അംഗീകാരം നല്കാന് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ചു 900 സ്കൂളുകള്‍ക്ക് അംഗീകാരം നല്കി.
അതേസമയം അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷ സ്കൂളുകളിലെത്തി പരിശോധന നടത്താതെ നിരസിക്കുകയാണെന്നു കേരള പ്രൈവറ്റ് സ്കൂള്‍ മാനേജുമെന്റ് അസോസിയേഷന് ഭാരവാഹികളായ എ.ആര് സുരേന്ദ്രന്, കെ. ജയകുമാര്‍, പേരന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.വി രാജന് എന്നിവര്‍ പറഞ്ഞു. അധ്യാപകരും അനധ്യാപകരുമടക്കം പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന് നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് നിവേദനം നല്‍കിയിട്ടുണ്ട്.






