
കൊച്ചി: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ടവുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്നും അതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും ജയില്‍ ഡി.ജി.പി ആര്.ശ്രീലേഖ. ഇതു സംബന്ധിച്ച് തന്നോട് ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.
കുത്തിയോട്ടത്തിലെ ബാലപീഡനം സംബന്ധിച്ചാണ് താന്‍ ചൂണ്ടിക്കാട്ടിയത്. കുത്തിയോട്ടത്തില്‍ കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. കുട്ടികളുടെ അനുമതി ഇല്ലാതെയാണ് ഭൂരിഭാഗം മാതാപിതാക്കളും ക്ഷേത്രം ഭാരവാഹികളും പങ്കെടുപ്പിക്കുന്നതെന്നും ശ്രീലേഖ പറയുന്നു.
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസമാണ് ശ്രീലേഖ രംഗത്ത് എത്തിയത്. ബ്ലോഗിലൂടെയായിരുന്നു ശ്രീലേഖയുടെ വിമര്‍ശനം. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ശ്രീലേഖ പറഞ്ഞു. വനിതകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രം കുട്ടികളുടെ ജയിലറയായി മാറുകയാണെന്നും ആയിരത്തോളം കുട്ടികളെ അഞ്ചു ദിവസത്തോളം ആചാരത്തിന്റെ പേരില്‍ നരകയാതനയാണ് അനുഭവിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
തന്റെ ബ്ലോഗിലൂടെയാണ് ഇതിനെ വിമര്‍ശിച്ച് ശ്രീലേഖ രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി നടത്തുന്ന ഇത്തരം അനാചാരങ്ങള്‍ നിര്‍ത്തുകയാണ് ചെയ്യേണ്ടേതെന്നും ആവര് ബ്ലോഗില്‍ കുറിച്ചു. കുട്ടികളുടെ അനുമതി ഇല്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രംഭാരവാഹികളും ചേര്‍ന്ന് കുട്ടികളെ പീഡിപ്പിക്കുന്നത്. കുത്തിയോട്ടത്തെ കുട്ടികളുടെ തടവറയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്നും ജയില്‍മേധാവിയായ ശ്രീലേഖ അഭിപ്രായപ്പെട്ടു.
5-നും 12-നും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്ക് ഇത് ദുരിത കാലമാണ്. ഒരു ചെറിയ തുണിയുമുടുപ്പിച്ച് മൂന്ന് ദിവസം തണുത്ത വെള്ളത്തില്‍ കുളിപ്പിച്ച്, പരിമിതമായ ഭക്ഷണം മാത്രം നല്കി, ക്ഷേത്രത്തിന്റെ നിലത്ത് കിടത്തി ഉറക്കും. ഇക്കാലയളവില്‍ കുട്ടികളെ അവരുടെ മാതാപിതാക്കളെ കാണാന്‍ അനുവദിക്കില്ല. എന്നാല്‍ ഉത്സവത്തിന്റെ അവസാന ദിവസം ഇവരെ നിരത്തി നിറുത്തി ശരീരത്തില്‍ കൂടി കമ്ബി കുത്തി കയറ്റും. തുടര്‍ന്ന് ഈ മുറിവിലേക്ക് ചാരം പൊത്തും.
ഇത്തരത്തില്‍ ക്രൂരതയ്ക്ക് വിധേയരാകുന്ന കുട്ടികള്‍ നല്ലവരായി വളരുമെന്നും മികച്ച പഠനം കാഴ്ച വയ്ക്കുമെന്നാണ് മാതാപിതാക്കളുടെ വിശ്വാസം. എന്നാല്‍ ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് ഇരയാകുന്ന കാര്യം മിക്ക കുട്ടികളോടും മാതാപിതാക്കള്‍ നേരത്തെ പറയാറില്ലെന്നതാണ് വാസ്തവമെന്നും ബ്ലോഗില്‍ ശ്രീലേഖ കുറിച്ചു.
നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തില്‍ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെ ക്ഷേത്രം അധികൃതര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഉത്സവസമയത്ത് രക്ഷകര്‍ത്താക്കളിലും പൊതുജനങ്ങളിലും ഭീതി ജനിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഒരു പോലീസ് ഉദ്യോഗസ്ഥയുടെ ഇത്തരത്തിലുള്ള പ്രസ്താവന തീര്‍ത്തും അപലനീയമാണെന്ന് ട്രസ്റ്റ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.






