
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്ക്ക് ടെല്‍ അവീവിലേക്കുള്ള പുതിയ റൂട്ടുകളില്‍ പറക്കാന്‍ സൗദി അറേബ്യ വ്യോമപാത തുറന്നുനല്‍കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമീന്‍ നെതന്യാഹൂ. വാഷിംഗ്ടണില്‍ പ്രസിഡന്റ ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇസ്രയേലി റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേയാണ് നെതന്യാഹൂ തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം സൗദിയുടെ ഭാഗത്തുനിന്നോ എയര്‍ ഇന്ത്യയില്‍ നിന്നോ ഇതുവരെ വന്നിട്ടില്ല.
മൂന്ന് ആഴ്ചയില്‍ ഒരിക്കല്‍ സൗദിയിലൂടെ ടെല്‍ അവീവിലേക്ക് വിമാന സര്‍വീസ് നടത്താന്‍ തീരുമാനിച്ചതായി എയര്‍ ഇന്ത്യ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നല്‍ ഇത്തരമൊരു സര്‍വീസിന് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു അന്ന് സൗദിയുടെ നിലപാട്. സൗദി അറേബ്യയുടെ അനുമതി ഇല്ലാത്തതിനാല്‍ ഇന്ത്യ-ഇസ്രയേല്‍ വിമാനങ്ങള്‍ ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവയിലൂടെ വളഞ്ഞാണ് സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസിന് ഏഴൂ മണിക്കൂര്‍ എടുക്കുന്നുണ്ട്. സൗദിക്കു മുകളിലുടെ പറക്കാന്‍ അനുമതി ലഭിച്ചാല്‍ രണ്ടു മണിക്കൂര്‍ ലാഭിക്കാനാവും.
എന്നാല്‍ ഇസ്രയേലിനെ അംഗീകരിക്കാന്‍ തയ്യാറാകാത്ത സൗദി വ്യോമപാതയിലെ വിലക്ക് ഇത്ര പെട്ടെന്ന് തുറന്നുനല്മോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. 70 വര്‍ഷമായി ഈ റൂട്ടില്‍ ഇസ്രയേലിന് യാത്രാ വിലക്ക് തുടരുകയാണ്. വിലക്ക് മാറ്റിയാല്‍ ഇസ്രയേലും സൗദി ഭരണകൂടവും തമ്മിലുള്ള പുതിയ ബന്ധത്തിനുള്ള നല്ല തുടക്കവുമായിരിക്കും അത്. യു.എസ് സഖ്യകക്ഷികളായ ഇരുരാജ്യങ്ങള്‍ക്കും മേഖലയില്‍ ഇറാന്റെ സ്വാധീനത്തില്‍ ആശങ്കയുമുണ്ട്.






