ഒരു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം റിസര്‍വോയറില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് കുങ്കുമവും മഞ്ഞളും കണ്ടെത്തി. പെണ്‍കുട്ടിയെ നരബലി നല്‍കിയതാണെന്നാണ് സംശയിക്കപ്പെടുന്നത്. കുങ്കുമവും മഞ്ഞളും നരബലിയുടെ സൂചന നല്കുന്നു. കൊല്ലപ്പെട്ട കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പെനുമുരു മണ്ഡലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം ആന്ധ്രയിലെ ഉപ്പലില്‍ ഒരു പെണ്‍കുട്ടിയെ നരബലി കൊടുത്ത സംഭവം ഉണ്ടായിരുന്നു. ദൈവപ്രീതിക്കായി മൂന്നര വയസുള്ള പെണ്‍കുട്ടിയെയാണ് നരബലി നല്‍കിയത്. സെക്കന്തരാബാദ് സ്വദേശികളായ ഭവനരഹിതരായ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്ത കുട്ടിയെയാണ് ഉപ്പലില്‍ നരബലി കൊടുത്തതെന്നാണ് നിഗമനം.
കൊല്ലപ്പെട്ട കുട്ടിയുടെ ശരീരം കണ്ടെത്താനായിട്ടില്ല. കുട്ടിയെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് വീണ്ടും നരബലി നല്‍കിയെന്ന് സംശയിക്കപ്പെടുന്ന വിധം വീണ്ടും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചിറ്റൂരിലെ എന്‍.ടി.ആര് വാട്ടര്‍ റിസര്‍വോയറിലാണ് മൃതദേഹം കണ്ടെത്തിയത്.






