
'' സിനിമാ ചിത്രീകരണത്തിനിടയില്‍ രണ്ടു പേരും നടിമാരെ ബലാത്സംഗം ചെയ്തതിന്റെ കഥകള്‍ പങ്കുവെയ്ക്കുമായിരുന്നു. ഏറ്റവും കൂടുതല്‍ നടിമാരെ ബലാത്സംഗം ചെയ്യുന്നയാള്‍ എന്ന രീതിയില്‍ ഇരുവരും മത്സരിക്കുമായിരുന്നു എന്നായിരുന്നു വ്യക്തമായത്.'' കേരളത്തിലെ സിനിമാ പ്രേമികള്‍ക്ക് വരെ സുപരിചിതനായ വിഖ്യാത സംവിധായകന് കിം കി ഡുക്കും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നടന് ചോ ജീ ഹ്യൂനെയും കുറിച്ച് പീഡനാരോപണവുമായി രംഗത്ത് വന്ന നടിയുടേതാണ് വെളിപ്പെടുത്തല്‍.
സിനിമാരംഗത്ത് അണിയറയില്‍ നടക്കുന്ന പീഡനകഥകളെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തി നടിമാര്‍ രംഗത്ത് വന്ന ഹോളിവുഡിടെ മീ ടൂ ഹാഷ്ടാഗ് ട്രെന്റ് ദക്ഷിണ കൊറിയയിലും പടരുകയാണ്. ഏതാനും മാസമായി ദക്ഷിണകൊറിയയില്‍ തുടരുന്ന ട്രെന്റില്‍ ഗൗരവമായ വിഷയങ്ങള്‍ ലൈംഗികതയുടെയും വയലന്സിന്റെയും പശ്ചാത്തലത്തില്‍ പറയുന്ന കിംകിഡുക്കിനെതിരേ രംഗത്ത് വന്ന അനേകം നടിമാരില്‍ ഒരാള്‍ ഒരു പ്രമുഖ ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് കിമ്മിന്റെയും ചോയുടെയും അറിയാകഥകള്‍ വെളിപ്പെടുത്തിയത്. വ്യത്യസ്തമായ തന്റെ സിനിമകളിലൂടെ കിംകി ഡുക്ക് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൂടെ മലയാളികള്‍ക്ക് ഇടയിലും ഏറെ പ്രചാരമുള്ളയാളും പ്രിയപ്പെട്ട സംവിധായകനുമാണ്. ഈ വര്‍ഷത്തെ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തിന് പിന്നാലെയാണ് കിമ്മിനെതിരേ ആദ്യ ആരോപണം ഉയര്‍ന്നത്. ശാരീരിക പീഡനം നടത്തിയെന്ന് ആരോപിച്ച് ചില നടിമാര്‍ രംഗത്ത് വരികയായരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നടിയാണ് ഏറ്റവും പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
''വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ചെയ്ത സിനിമയുടെ ചിത്രീകരണം നരകമായിരുന്നു. കിം പലപ്പോഴും തന്റെ ഹോട്ടല്‍മുറിയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തി. അത്തരം അനേകം രാവുകള്‍. എല്ലാ ദിവസവും മുറിയുടെ വാതിലില്‍ വന്നു മുട്ടും. പ്രതികരിച്ചില്ലെങ്കില്‍ ഫോണ്‍ ചെയ്യും.'' നടി ഒരു ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ''ഒടുവില്‍ തിരക്കഥാ ചര്‍ച്ച എന്ന് പറഞ്ഞ് സ്വന്തം മുറിയിലേക്ക് വിളിച്ചുവരുത്തിയ കിം അവിടെയിട്ട് തന്നെ ബലാത്സംഗം ചെയ്തു.'' സിനിമയിലെ നായകന് ചോ ജീ ഹ്യൂവാനും ബലാത്സംഗം ചെയ്തതായി നടി പറഞ്ഞു. നടിമാരെ ബലാത്സംഗം ചെയ്തതിന്റെ വീരകഥകള്‍ രണ്ടുപേരും പറയുമായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും മത്സരിച്ചിരുന്നു.
പിന്നീട് അഭിനയരംഗം തന്നെ വിട്ട നടി വര്‍ഷങ്ങളോളം തെറാപ്പിക്ക് വിധേയയായി. ഒരു നടിയെ സെറ്റില്‍ വെച്ച് ശാരീരികമായി ദുരുപയോഗം ചെയ്തു എന്ന ആരോപണത്തില്‍ കിം കി ഡുക്ക് 4,600 ഡോളര്‍ പിഴ നല്‍കേണ്ടി വന്നത് കഴിഞ്ഞ വര്‍ഷമാണ്. പുതിയ ആരോപണത്തിന് തെളിവില്ലെങ്കിലും കിമ്മിന്റെ ഖ്യാതിക്ക് വിവാദം ചെറിയ കോട്ടം വരുത്തിയിട്ടുണ്ട്. അതേസമയം താന്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികതയില്‍ മാത്രമേ ഏര്പ്പെട്ടിട്ടുള്ളെന്നാണ് ഇതിന് എംബിസി ടെലിവിഷന്‍ കിം ടെക്സ്റ്റ് മെസേജിലൂടെ മറുപടി നല്‍കിയത്.
വ്യക്തിപരമായ അഭിലാഷ പൂര്‍ത്തീകരണത്തിന് സംവിധായകന് എന്ന നില ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞു. തന്റെ സിനിമാ സെറ്റില്‍ ആരും വിഷമം അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുമായിരുന്നെന്നാണ് നേരത്തേ ഉയര്‍ന്ന ഒരു ആരോപണത്തില്‍ കിം മറുപടി പറഞ്ഞത്.
ആരോപണ വിധേയനായ കിമ്മിന്റെ പതിവ് നായകന് ചോ പറയുന്നത് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടേ മറുപടി പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നാണ്. അതേസമയം തെറ്റുകാരനാണ്. എന്നാലും തനിക്ക് ഭീതിയുണ്ടെന്നും പുറത്തുവരുന്ന കഥകള്‍ സത്യത്തില്‍ നിന്നും ഒരുപാട് വ്യത്യാസം ഉള്ളതാണെന്നും ചോ പറയുന്നു. ഒരു വനിതാ പ്രവര്‍ത്തകയേയും വിദ്യാര്‍ത്ഥികളേയും പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കഴിഞ്ഞ മാസമാണ് ചോ മാപ്പ് പറഞ്ഞത്. ഇക്കാര്യത്തില്‍ ചോയെ അഭിനയം പഠിപ്പിക്കുന്ന കോളേജില്‍ നിന്നും പുറത്താക്കുകയും ഒരു ടെലിവിഷന്‍ നാടക നിര്‍മ്മാണക്കമ്പനി മാറ്റുകയും ചെയ്തു.
എംബിസി അഭിമുഖം നടത്തിയ മറ്റൊരു നടിയും കിം കി ഡുക്കിനെതിരേ രംഗത്ത് വന്നിരുന്നു. ഓഡീഷനിടയില് തന്റെ ടം കാണാന്‍ എപ്പോഴും കിമ്മിന് വെമ്പലായിരുന്നു. അനാവൃതമാക്കിയ മാറിടവും നഗ്നമേനിയും കാണണമെന്ന് കിം പതിവായി ശാഠ്യം പിടിക്കാറുണ്ടായിരുന്നെന്നും ഇത് അങ്ങേയറ്റം അവഹേളനം ആയിരുന്നെന്നുമാണ് ഇവര്‍ ആരോപിച്ചത്. നാണക്കേട് ഭയന്ന് കിം കി ഡുക്കിനെതിരേ ആരോപണം ഉന്നയിച്ച മൂന്ന് നടിമാരും പേര് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. അതേസമയം ദക്ഷിണ കൊറിയയില്‍ ബലാത്സംഗത്തിനെതിരേ അനേകരാണ് രംഗത്ത് വന്നിരിക്കുന്നത്.
ഈ ആഴ്ച ആദ്യം അനേകം ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് ഒരു പ്രവിശ്യാ ഗവര്‍ണര്‍ക്ക് രാജി വെയ്ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ മാസമാണ് തന്റെ നടിമാരെ ലൈംഗിക ദുരുപയോഗം ചെയ്തിരുന്നതിന്റെ പേരില്‍ നാഷണല്‍ തീയറ്റര്‍ കമ്പനിയുടെ വിഖ്യാത സംവിധായകന് ലീ യുന്‍ ട്വീക്ക് പരസ്യമായി ക്ഷമ പറഞ്ഞത്. ലൈംഗിക ചോദനയെ തനിക്ക് അടക്കി വെയ്ക്കാന്‍ കഴിയുന്നില്ലെന്ന് പരസ്യമായി വിളിച്ചു പറഞ്ഞ് ഇയാള്‍ പണി ക്ഷണിച്ചു വരുത്തുകയും ചെയ്തിരിക്കുകയാണ്. കരിയറിന് കോട്ടം വരുമെന്ന് ഭയന്ന് ദക്ഷിണകൊറിയന്‍ സിനിമാ വ്യവസായത്തില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുള്ള അനേകം സ്ത്രീകളാണ് തങ്ങള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് മറച്ചു വെച്ചിരിക്കുന്നത്. മിക്കതിലും സംവിധായകരും സീനിയര്‍ സ്റ്റാഫുകളും തന്നെയാണ് വില്ലന്മാര്. പലരും നാണക്കേടും ഭയവും കാരണം മിണ്ടാതിരിക്കുകയാണെന്ന് വനിതാഅവകാശ പ്രവര്‍ത്തകരും പറയുന്നു.






