
അഭിനേതാക്കളുടെ നിരയില്‍ ഏറെയും പുതുമുഖങ്ങള്‍. ടെക്നിക്കല്‍ സൈഡില്‍ സംവിധായകനുള്പ്പെടെയുള്ളവരത്രയും പുതുമുഖങ്ങള്‍. നിര്‍മിച്ചത് പുതിയൊരുബാനറും. എന്നിട്ടും റിലീസ് ചെയ്ത എല്ലാ തിയേറ്ററിലും ആദ്യഷോ തന്നെ ഹൗസ്ഫുള്. റിലീസ് ചെയ്ത് നാലുവാരം പിന്നിടുമ്പോള്‍ നിര്‍മാണച്ചെലവിന്റെ ഇരട്ടിയിലേറെ വരുമാനമുണ്ടാക്കിയ ചിത്രമെന്ന പേരും 2018 ലെ ആദ്യ ഹിറ്റ് എന്ന പദവിയും.
പറഞ്ഞുവരുന്നത് 'ക്യൂന്‍' എന്ന ചിത്രത്തെക്കുറിച്ചാണ്. ഡിജോ ജോസ് ആന്റണി എന്ന നവാഗത സംവിധായകന് പ്രധാനവേഷങ്ങളിലേക്കെല്ലാം പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ 'ക്യൂന്‍' ഒരു കാമ്പസ് ഫിലിം എന്ന ലേബലിലാണ് തിയേറ്ററിലെത്തിയത്.
പക്ഷേ കാമ്പസിനപ്പുറം സമകാലീന സമൂഹത്തില്‍ ഏറ്റവും പ്രസക്തമായ ഒരു വിഷയം കൂടി കൈകാര്യം ചെയ്യുന്ന പ്രമേയമായിരുന്നു ക്യൂനിന്റേത്. അതുവഴിവളരെയേറെ സാമൂഹ്യ പ്രസക്തിയുള്ള ചിത്രമെന്ന പേരും ക്യൂനിന് ലഭിച്ചു.
കാമ്പസിനു മാത്രം ഇഷ്ടപ്പെടാവുന്ന ചിത്രമെന്നാണ് നിര്‍മാണ വേളയില്‍ ക്യൂനിനെപ്പറ്റി പലരും കരുതിയത്. പക്ഷേ ക്യൂന്‍ മുന്നോട്ടുവച്ച വിഷയത്തിന്റെ പ്രസക്തി സമൂഹത്തിന്റെ നാനാതുറയിലും പെട്ടവരെ ആകര്‍ഷിച്ചു. മുന്നണിയിലും പിന്നണിയിലും നവാഗതര്‍ മാത്രമായിട്ടും ചിത്രം കാണാന്‍ തീയേറ്ററ്റിന് മുന്നില്‍ പ്രേക്ഷകര്‍ തിരക്കു കൂട്ടി.
2018ലെ എണ്ണം പറഞ്ഞ ഹിറ്റാകും ക്യൂന്‍ എന്നാണ് ഇന്‍ഡസ്ട്രിയിലുള്ളവരുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. അങ്കമാലി ഫിസാറ്റ് കോളേജില്‍ നിവിന്‍ പോളിയുടെ ജൂനിയറായിരുന്നു ക്യൂന്എന്ന ചിത്രത്തിന്റെ സംവിധായകന് ഡിജോ ജോസ് ആന്റണി. നിവിനെപ്പോലെ സിനിമ സ്വപ്നം കണ്ട് നടന്നൊരാള്‍. നിവിന്‍ അഭിനയമായിരുന്നുഹരമെങ്കില് ഡിജോയ്ക്ക് ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു ഇഷ്ടം എന്നുമാത്രം.
സംവിധായകനാകുക എന്ന ലക്ഷ്യത്തോടെ ഡിജോ അലഞ്ഞത് വര്‍ഷങ്ങള്‍. എങ്കിലും ആദ്യചിത്രം തന്നെ വന്‍വിജയമാക്കാന്‍ ഡിജോയ്ക്ക് സാധിച്ചു.ക്യൂന്‍ നേടിയ വന്‍വിജയത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകനുമായി നടത്തിയ അഭിമുഖം.
? താങ്കളുടെ ആദ്യചിത്രമാണിത്. പുതുമുഖങ്ങളെ പ്രധാന വേഷത്തിലഭിനയിപ്പിച്ച്ഒരു ചിത്രമൊരുക്കാന്‍ എങ്ങനെ ധൈര്യം തോന്നി.
ഠ സത്യത്തില്‍ ഇതെന്റെ ധൈര്യമല്ല. നിര്‍മാതാക്കളുടെ ധൈര്യമാണ്. നല്ലചിത്രമാണെങ്കില് പുതുമുഖങ്ങളാണെങ്കിലും ഓടും എന്നത് നിര്‍മാതാക്കളുടെ കാഴ്ചപ്പാടായിരുന്നു. അതനുസരിച്ച് അവര്‍ ഫണ്ട് മുടക്കിയതുകൊണ്ടാണ് ഈചിത്രം ഉണ്ടായത്. അവര്‍ കണക്കു കൂട്ടിയതുപോലെ ചിത്രം വന്‍ വിജയവുമായി.
? എങ്കിലും ആദ്യചിത്രത്തില്‍ എസ്റ്റാബ്ലിഷ്ഡ് ആയ താരങ്ങള്‍ ഉണ്ടായാല്കൊള്ളാം എന്ന് തോന്നിയിട്ടില്ലേ.
ഠ തീര്‍ച്ചയായും. പ്രധാന വേഷത്തില്‍ പ്രമുഖ താരങ്ങളെ കിട്ടിയാല്‍ പുതുമുഖസംവിധായകരുടെ റിസ്ക് പകുതി കുറയും. ഞാനും ആ വഴിക്ക് നീങ്ങിയതാണ്. രണ്ട് വര്‍ഷത്തോളം പല പ്രമുഖ നടന്മാര്ക്കും യോജിച്ച പല കഥകളുംതയ്യാറാക്കി അവരുടെ അടുത്തു ചെന്ന് പറഞ്ഞതാണ്. പക്ഷെ ഡേറ്റ്കിട്ടിയില്ല. ചിലരുടെ അടുത്ത് കഥ പറയാന്‍ അപ്പോയ്ന്മെന്റ് പോലും കിട്ടിയില്ല.നിര്‍മാതാക്കളും സബ്ജക്ടും റെഡി. അഭിനേതാക്കളില്ല. ആ സ്ഥിതി വന്നപ്പോഴാണ്പുതുമുഖങ്ങളെ വച്ച് നിര്‍മിക്കാം എന്ന നിര്‍ദ്ദേശം നിര്‍മാതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. അത് കണക്കിലെടുത്താണ് പുതുമുഖങ്ങള്‍ക്കായി ഓഡിഷന്നടത്തിയതും അവരില്‍നിന്ന് കുറേപ്പേരെ സെലക്ട് ചെയ്ത് ഷൂട്ടിംഗ്
തുടങ്ങിയതും.
സിനിമ പാഷന്
? എഞ്ചിനിയറിംഗ് ബിരുദധാരിയാണ് താങ്കള്‍. എന്നിട്ടും ആ മേഖല ഉപേക്ഷിച്ച് സിനിമയിലെത്തി. സംവിധായകനാകുക എന്നതായിരുന്നോ മോഹം.
ഠ സിനിമയാണ് എന്റെ പാഷന്. എഞ്ചിനിയറിംഗ് കഴിഞ്ഞ് ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും ഒക്കെയായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. സിനിമയോടുള്ള ഇഷ്ടം കൊണ്ട് എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ചു. ജീന്‍ മാര്‍ക്കോസിന്റെ 39; എയ്ഞ്ചല്‍സ് 39; എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി വര്‍ക്ക് ചെയ്താണ് സിനിമയിലെത്തിയത്. അതിനു ശേഷം കുറേ ഷോര്‍ട്ട് ഫിലിംസും ആല്‍ബങ്ങളും ചെയ്തു. ഷോര്‍ട്ട് ഫിലിംസ് ചെയ്തു ചെയ്താണ് സിനിമ ചെയ്യാനുള്ള കോണ്ഫിഡന്സായത്. എങ്ങനെയെങ്കിലും സിനിമ ചെയ്തേ പറ്റൂ എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതാണ് ക്യൂന്‍ എന്ന ചിത്രത്തിലൂടെ സാക്ഷാത്കരിച്ചത്.
എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന സിനിമ
? ന്യൂജനറേഷന് യോജിച്ച കാമ്പസ് മൂവി എന്നതായിരുന്നോ ലക്ഷ്യം
ഠ യൂത്തിന് ഇഷ്ടപ്പെടുന്ന മൂവി എന്നതിനപ്പുറം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന സിനിമയാകണം എന്നാഗ്രഹിച്ചിരുന്നു. യൂത്തിനിഷ്ടപ്പെടുന്ന
സിനിമയായാല്‍ തുടക്കത്തില്‍ തീയേറ്ററില്‍ ആളുണ്ടാകും. ഇനിഷ്യല്‍ കളക്ഷന്‍ കിട്ടും. പക്ഷേ എല്ലാവര്ക്കും ഇഷ്ടമായാലേ ഹിറ്റാകൂ എന്ന ബോധ്യമുണ്ടായിരുന്നു. അതിനാല്‍ അത്തരമൊരു മാസ് മൂവി ഉണ്ടാക്കാനാണ് ശ്രമിച്ചത്. കാമ്പസ് ബാക്ഗ്രൗണ്ടില്‍ ഒരു പാതി. കോടതിയും ആശുപത്രിയും പോലീസ് സ്റ്റേഷനുമൊക്കെയായി അടുത്ത പാതി എന്ന കാഴ്ചപ്പാടില്‍ ചിത്രം ഒരുക്കിയത് അതുകൊണ്ടാണ്.
ആള്‍ക്കൂട്ട ഫ്രെയിമുകള്‍
? ഐ.വി. ശശി, ഷാജി കൈലാസ് എന്നിവരുടെ ചിത്രങ്ങളിലേതുപോലെ വന്‍ ആള്‍ക്കൂട്ടമുള്ള ഫ്രെയിമുകളാണ് ചിത്രത്തിലേറെയും. ഒരു നവാഗതനായിട്ടും എങ്ങനെ മാനേജ് ചെയ്തു.
ഠ ഞാന്‍ പറഞ്ഞില്ലേ, എങ്ങനെയും സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ മോഹം. അത് എന്ത് പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ചെയ്തേ അടങ്ങൂ എന്ന വാശിയായിരുന്നു. കാമ്പസും കോടതിയുമൊക്കെ പശ്ചാത്തലമാകുന്നതിനാല്‍ ക്യൂന്‍ ഒട്ടേറെ ആള്ക്കാര് ഫ്രെയിമില്‍ വരുന്ന ചിത്രമാണ്. നിരവധി സീനുകളില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണം. അതൊക്കെ കൃത്യമായി പ്ലാന്‍ ചെയ്ത് എടുത്തവയാണ്. അത്രയും റിച്ച്നെസ് ഫ്രെയിമില്‍ വന്നില്ലെങ്കില്‍ സിനിമ പാളിപ്പോകും എന്നതിനാല്‍ ധാരാളം ക്രൗഡിനെ ഉള്‍പ്പെടുത്തിയാണ് ചിത്രീകരിച്ചത്. നിര്‍മാതാക്കള്‍ അതിനെ സപ്പോര്‍ട്ട് ചെയ്തതും രക്ഷയായി. 71 ദിവസം നീളുന്ന ചിത്രീകരണം വേണ്ടി വന്നിരുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്
? കോടതി രംഗങ്ങളില്‍ ചിലത് സെന്‍സര്‍ ചെയ്യപ്പെട്ടിരുന്നു എന്ന് കേട്ടു .
ഠ ശരിയാണ്. സലിം കുമാര്‍ അവതരിപ്പിച്ച മുകുന്ദന് വക്കീലിന്റെ വാദങ്ങള്‍ കോടതി നിലപാടുകള്‍ക്ക് കൂടി എതിരായിരുന്നു. അദ്ദേഹം കോടതിയില്‍ വാദിക്കുന്ന ചില രംഗങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെട്ടു. എങ്കിലും ഞങ്ങള്‍ ഉന്നയിക്കാനുദ്ദേശിച്ച വിഷയങ്ങള്‍ പരിക്കില്ലാതെ തീയേറ്ററിലെത്തിക്കാനായി. തീയേറ്ററില്‍ കാണിക്കാനാകാത്ത രംഗങ്ങള്‍ ഞങ്ങള്‍ പിന്നെ യൂറ്റിയൂബില്‍ അപ് ലോഡ് ചെയ്തിരുന്നു. നല്ല പ്രതികരണമാണതിന് കിട്ടിയത്.
സീനിയര്‍ താരങ്ങള്‍
? ചിത്രത്തില്‍ ഏറെയും പുതുമുഖങ്ങളാണ്. എങ്കിലും ഏതാനും സീനിയര്‍ താരങ്ങള്‍ കൂടിയുണ്ട്. അവരുടെ സഹകരണം.
ഠ വിജയരാഘവന്, സലിംകുമാര്‍, നന്ദു, ശ്രീജിത് രവി, കലാശാല ബാബു തുടങ്ങിയ സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നല്ല സഹകരണമാണ് നല്‍കിയത്. ഞങ്ങള്ചിത്രീകരിക്കുന്ന വിധം നോക്കി നല്ല രീതിയില്‍ ഈ ചിത്രം വരുമെന്ന് അവര്‍ പലരോടും പറഞ്ഞതായറിയാം. സെക്കന്റ് ഹാഫിനെ ശരിക്കും മികച്ചതാക്കിയത് സീനിയര്‍ താരങ്ങളുടെ സാന്നിധ്യമാണ്. ചിത്രം ഇറങ്ങിയ ശേഷം അവരൊക്കെ നന്നായി അപ്രിഷിയേറ്റ് ചെയ്തു.
മാര്‍ക്കറ്റിംഗ് സ്റ്റൈല്‍
? ഒരു പുതുമുഖ ചിത്രമായിട്ടും റിലീസായിടത്തെല്ലാം ആദ്യ ഷോ തന്നെ ഹൗസ്ഫുള് ആക്കാനായി. എന്തായിരുന്നു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി.
ഠ ഞങ്ങള്‍ ഒട്ടേറെ ചെറുപ്പക്കാരുടെ പ്രയത്നമാണീ സിനിമ. അതിനാല്‍ സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗ് ആദ്യമേ തുടങ്ങി. ചിത്രത്തിലെപ്രധാനപ്പെട്ട ചില രംഗങ്ങള്‍, ഗാനങ്ങള്‍, അഭിനേതാക്കളും ടെക്നീഷ്യന്മാരുമായുള്ള ഇന്റര്‍വ്യു എന്നിവ സോഷ്യല്‍ മീഡിയയിലൂടെയും, യുട്യൂബിലൂടെയും നേരത്തേ ഓഡിയന്സിലെത്തിക്കാനായി. ട്രെയിലറുകള്ക്കൊക്കെ നല്ല സ്വീകാര്യതയായിരുന്നു. റിലീസിന് മുമ്പേ ഗാനങ്ങള്‍ ഓഡിയന്സ്ഏറ്റെടുത്തപ്പോഴെ ചിത്രം ഹിറ്റാകും എന്ന പ്രതീക്ഷയുണ്ടായിരുന്നു. സെന്‍ട്രല്‍ പിക്ചേഴ്സ് പോലെ ഒരു ബാനര്‍ വിതരണച്ചുമതല ഏറ്റെടുത്തതിനാല്‍ നല്ലതീയേറ്ററുകളും കിട്ടി. 87 സെന്ററുകളിലാണ് റിലീസ് ചെയ്തത്. നല്ല ഇനിഷ്യല്‍ കിട്ടാന്‍ അതും സഹായിച്ചു .
പ്രചോദനമാകും ഈ വിജയം