
ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ മുന്‍ഭാര്യ ജെയ്ന്‍ വൈല്ഡന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഇവരുടെ മുപ്പതു വര്‍ഷം നീണ്ട ദാമ്പത്യത്തിന്റെ കഥപറയുന്ന സിനിമയും പുറത്തിറങ്ങിയിരുന്നു. അന്ന് റേഡിയോ ടൈംസിനു നല്കിയ അഭിമുഖത്തില്‍ ദാമ്പത്യത്തകര്ച്ചയെപ്പറ്റി ജെയ്നിന്റെ തുറന്നുപറച്ചില്‍ വന്‍ വാര്‍ത്തയായി. ജെയ്ന്‍ രചിച്ച 'ട്രാവലിങ് ടു ഇന്‍ഫിനിറ്റി: മൈ ലൈഫ് വിത് സ്റ്റീഫന്‍' എന്ന ഓര്‍മപ്പുസ്തകത്തെ ആധാരമാക്കിയാണ് ബ്രിട്ടിഷ് സംവിധായകന് ജയിംസ് മാര്‍ഷ് 'ദ് തിയറി ഓഫ് എവരിതിങ്' എന്ന ചിത്രം ഒരുക്കിയത്. സ്റ്റീഫന്‍ ഹോക്കിങ്ങായി എഡ്ഡി റെഡ്മെയ്നും ജെയ്ന്‍ ആയി ഫെലിസിറ്റി ജോണ്‍സുമാണ് അഭിനയിച്ചത്.
'ഞാനും മക്കളും വീട്ടിലുണ്ടെന്ന ഭാവംപോലുമില്ലാതെ വാരാന്ത്യം മുഴുവന്‍ അദ്ദേഹം ആ യന്ത്രക്കസേരയില്‍ തനിച്ചിരിക്കും. ഞങ്ങളെയൊന്നും ശ്രദ്ധിക്കാതെ, റോഡിന്റെ പ്രശസ്ത ശില്പമായ 'ചിന്തക'നെപ്പോലെ കൈമുട്ടുകള്‍ കാല്മുട്ടിലൂന്നിക്കൊണ്ടുള്ള ആ ഇരിപ്പു കണ്ട് ഞാന്‍ വിഷാദത്തിലേക്കു കൂപ്പുകുത്തി.'-ജെയ്ന്‍ വൈല്‍ഡിന് പറയുന്നു. ജെയ്നിനിപ്പോള് പ്രായം 73. ഹോക്കിങ്ങിന് 76. ഹോക്കിങ്ങിന് ജെയ്നില്‍ മൂന്നു മക്കളുണ്ട്, റോബര്‍ട്ട് ഹോക്കിങ്, ലൂസി ഹോക്കിങ്, തിമോത്തി ഹോക്കിങ്.
1997ല്‍ സംഗീതജ്ഞനായ ജൊനാഥന് ജോണ്‍സിനെ വിവാഹം ചെയ്ത ജെയ്ന്‍ പക്ഷേ ഹോക്കിങ്ങിനെ സന്ദര്‍ശിക്കുന്നതു അവസാനം വരെ മുടക്കിയില്ല. കേംബ്രിജില്‍ താമസവും തൊട്ടടുത്തായിരുന്നു. സിനിമയുടെ ആദ്യപ്രദര്‍ശനം കാണാന്‍ ജെയ്നും ഹോക്കിങ്ങുമെത്തി. രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രങ്ങളും നിറഞ്ഞുനിന്നിരുന്നു.






