കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതാണെന്നും നിലവില്‍ സഭയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടില്‍ ജുഡീഷ്യറിക്ക് ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കമ്മീഷന് റിപ്പോര്‍ട്ടില്‍ ശരിയും തെറ്റുമുണ്ടാകാം അതില്‍ നടപടി എടുക്കേണ്ടത് നിയമസഭയാണ്. അമതസമയം കമ്മീഷന്റെ നടപടികളില്‍ തെറ്റുണ്ടെങ്കില്‍ കോടതിക്ക് പരിഗണിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം കമ്മീഷന്റെ അന്വേഷണ പരിധിയില്‍ ഒരിക്കലും വരാതിരുന്ന സരിത എസ്. നായരുടെ കത്ത് എങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പലയിടത്തും പരാമര്‍ശിക്കപ്പെട്ടതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച് നല്കിയപ്പോഴും കമ്മീഷന് അതില്‍ രൂപമാറ്റം വരുത്തിയപ്പോഴും സരിതയുടെ കത്ത് പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കത്തിനെ മാത്രം അടിസ്ഥാനമാക്കിയല്ല റിപ്പോര്‍ട്ട് എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.






