
മസ്കത്ത് : രണ്ടു മാസം കൊണ്ട് കേരളവും കണ്ട് ഇന്ത്യ ചുറ്റി ആ പെണ് തിമിംഗലം ഒമാന്‍ തീരത്ത് തിരിച്ചെത്തി. അയ്യായിരത്തിലേറെ കിലോ മീറ്റര്‍ സഞ്ചരിച്ചാണ് ലുബാന് എന്ന കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെ എത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന കൂനന്‍ തിമിംഗലങ്ങളില്‍ 14 എണ്ണം മാത്രമാണ് ഒമാന്‍ ഉള്‍ക്കടലില്‍ ഉള്ളത്. ഇക്കൂട്ടത്തിലെ ഏക പെണ്തിമിംഗലമാണ് ലുബാന്. എന്നാല്‍, എന്തിനു വേണ്ടിയായിരുന്നു ഇവളുടെ ഈ യാത്ര എന്നത് ഇനിയും വ്യക്തമല്ല.
ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും കഴിഞ്ഞ നവംബറിലാണ് ലുബാന് ലോകസഞ്ചാരം തുടങ്ങിയത്. അറബിക്കടല്‍ വഴി കിഴക്കോട്ട് തിരിഞ്ഞായിരുന്നു സഞ്ചാരം. കൂനന്‍ തിമിംഗലങ്ങര് ഇത്തരത്തില്‍ യാത്ര നടത്തില്ല എന്നതാണ് ശാസ്ത്രലോകത്തെ ഇവളിലെ യാത്രയലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചത്. ഇണയെ തേടിയുള്ള യാത്രയായിരുന്നു ഇതെന്നും, അല്ല, ഇഷ്ടഭക്ഷണമായ മത്തിയും കൊഞ്ചും തേടി ഇറങ്ങിയതാകാമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.
ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആയിരുന്നു നീക്കങ്ങള്‍ നിരീക്ഷിച്ചത്. യാത്രയ്ക്കിടെ ഡിസംബര്‍ പകുതിയോടെ ഗോവന്‍ തീരത്തും ഡിസംബര്‍ 31 ന് കൊച്ചി ഉള്‍ക്കടലിലും ലുബാന് എത്തിയിരുന്നു. തുടര്‍ന്ന് ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലൂടെ ശ്രീലങ്കയിലേയ്ക്കും നീണ്ടു ഈ ഐതിഹാസിക യാത്ര. ഇതിനിടെ ലുബാനില്‍ ഘടിപ്പിച്ച ട്രാന്‍സിസ്റ്റര്‍ തടരാറിലായതോടെ വിവരങ്ങള്‍ ലഭിക്കാതെയായി. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും വന്ന വഴിയേ തന്നെ ലുബാന് തിരിച്ചു മടങ്ങി എന്നതാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്. ലുബാന് തിരികെ മസീറ ഉള്‍ക്കടലില്‍ എത്തിയതായി ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി അറിയിച്ചു.






