
കോര്‍ബ, ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ കൊരിയ സ്വദേശികളായ രണ്ട് കൗമാരക്കാരികളെ ഒന്‍പത് പേര് ചേര്‍ന്ന് രണ്ടാഴ്ചയോളം കൂട്ടമാനഭംഗത്തിന് ഇരയാക്കി. 17ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. മധ്യപ്രദേശിലെ ബിജുരി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു കെട്ടിടത്തില്‍ പൂട്ടിയിട്ടിരുന്ന പെണ്‍കുട്ടികളെ തിങ്കളാഴ്ച പോലീസ് ആണ് മോചിപ്പിച്ചത്.
പെണ്‍കുട്ടികളില്‍ ഒരാളുടെ കാമുകനായ അഭിജിത് പാല് എന്ന പിങ്കു (20) ആണ് പെ പെണ്‍കുട്ടികളെ ഇവിടെ കൊണ്ടുവന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് പിങ്കു കാമുകിയേയും കൂട്ടുകാരിയേയും മാര്‍ച്ച് നാലിന് ഇവിടെ എത്തിച്ചത്. ഝാര്‍ഖണ്ഡിലെ ഖൊങ്ഗപാനി സ്വദേശിയാണ് പിങ്കു. ഇയാള്‍ ആദ്യം പെണ്‍കുട്ടികളെ പീഡിപ്പിച്ചു. പിന്നീട് തന്റെ എട്ട് സുഹൃത്തുക്കള്‍ക്കും അവരെ കൈമാറുകയായിരുന്നുവെന്ന് കൊരിയ എസ്.പി നിവേദിത ശര്‍മ്മ പറഞ്ഞു.
പെണ്‍കുട്ടികളുടെ കുടുംബം നല്കിയ പരാതിയിലാണ് പോലീസ് റെയ്ഡ് നടത്തിയതും പെണ്‍കുട്ടികളെ രക്ഷിച്ചതും. പ്രതികളില്‍ ഏഴു പേര് അറസ്റ്റിലായിട്ടുണ്ട്. പിങ്കുവിനെ കൂടാതെ അഷ്റഫ് അലി (26), മനോജ് കുമാര്‍ (28), ഹേംരാജ് പനിക (20), അവിനാശ് (28), ജിതേന്ദ്ര കുമാര്‍ റായ് (26), രാകേഷ് കുമാര്‍ നവൈദ് (23) എന്നിവരാണ് പിടിയിലായത്.
പ്രതികള്‍ക്കെതിരെ കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും പോലീസ് അറിയിച്ചു.






