
ന്യൂഡല്‍ഹി : വീരമൃത്യു വരിച്ച സൈനീകരുടെ മക്കള്‍ക്ക് നല്കി വരുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്റെ പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ജോലിയ്ക്കിടെ മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത സൈനീകരുടെ മക്കള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പ് തുകയ്ക്കുള്ള പരിധി 10,000 രൂപയായി കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇതില്‍ സൈനീകരില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പരിധി എടുത്തു കളഞ്ഞ് വിദ്യാഭ്യാസ ചെലവ് പൂര്‍ണ്ണമായും വഹിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
പോരാട്ടങ്ങള്‍ക്കിടെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന സൈനീകരുടെ മക്കളുടെ ട്യൂഷന് ഫീസ്, ഹോസ്റ്റല്‍ ഫീസ്, പുസ്തകം, യൂണിഫോം എന്നിവയ്ക്കായി ചെലവാകുന്ന തുക സര്‍ക്കാര്‍ തിരിച്ചു നല്കുന്ന രീതിയാണ് നിലവില്‍ ഉണ്ടായിരുന്നത്. ബംഗ്ലാദേശ് യുദ്ധത്തിനു ശേഷം 1971 ലാണ് ഈ പദ്ധതി നടപ്പാക്കി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം വരെ 2679 വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്.






