
കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ പ്രത്യേക പരിഗണനയെന്ന് ഗുരുതര ആരോപണം. പ്രതിക്ക് ജയിലില്‍ നല്‍കുന്നത് വിഐപി പരിഗണനയാണെന്ന് ചുണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് ജയില്‍ ഡിജിപിക്ക് പരാതി നല്കി.
മൂന്നു ദിവസത്തിനിടെ 12 മണിക്കൂര്‍ കൂട്ടുകാരിയുമായി ജയിലില്‍ കൂടിക്കാഴ്ച നടത്തിയെന്നും പരാതിയില്‍ ചുണ്ടിക്കാട്ടുന്നു. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയില്‍ അധികൃതര്‍ക്കെതിരെയാണ് സുധാകരന് പരാതി നല്‍കിയിരിക്കുന്നത്. കൂത്തുപറമ്പ് സ്വദേശിനിയായ യുവതിക്ക് ചട്ടം ലംഘിച്ച് സമയം അനുവദിച്ചെന്നാണ് ആരോപണം.
ജയില്‍ ജീവനക്കാര്‍ക്കു പോലും പ്രവേശനമില്ലാത്തിടത്ത് ആകാശ് തില്ലങ്കേരിയേയും, യുവതിയേയും എത്തിച്ചു കൊടുത്തു. ഈ മാസം 13-ാം തിയതി രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇവര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നും സുധാകരന്റെ കത്തില്‍ പറയുന്നു. കണ്ണൂര്‍ സ്പെഷ്യല്‍ ജയിലില്‍ ഉള്ള 53 പേരില്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. ജയിലില്‍ ഇവര്‍ക്കായി എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുന്നുവെന്നും, രാത്രി കാലങ്ങളില്‍ സെല്ലുകള്‍ പോലും അടയ്ക്കാറില്ലെന്നും കത്തില്‍ ആരോപിക്കുന്നു.






