
സൂപ്പര്‍ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു വിദേശ താരങ്ങളടങ്ങുന്ന 23 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ഞപ്പടയുടെ ആശങ്കകള്‍ യാഥാര്‍ത്ഥ്യമാക്കി സുപ്പര്‍ താരം ഇയാന്‍ ഹ്യൂം പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് കളിക്കില്ലെന്ന് ഉറപ്പായി. അതേസമയം, ജാക്കിചന്ദ് സിംഗും ടീമില്‍ ഇടംപിടിച്ചിട്ടില്ല.
സി.കെ വിനീത്, സഹല്‍ അബ്ദുള്‍ സമദ്, ജിഷ്ണു ബാലകൃഷ്ണന്, റിനോ ആന്റോ, പ്രശാന്ത് ഉള്‍പ്പെടെ ആറു മലയാളി താരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍. അണ്ടര്‍ 17 താരം ഋഷി ദത്ത് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പ് സ്ക്വാഡില്‍ ഉള്‍പ്പെട്ടതാണ് ആരാധകരെ അമ്പരപ്പിച്ചത്. പ്രതിരോധ താരം സന്ദേശ ജിങ്കാന് തന്നെയാണ് ടീമിന്റെ നായകന്.
വെസ് ബ്രൗണ്‍, പുള്‍ഗ, പെക്കൂസണ്, പോള്‍ റെച്ചുബക്ക എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യം. ഏപ്രില്‍ ആറിനാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം. ഐലീഗ് ക്ലബായ നെറോക്ക എഫ്സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍.






