
ന്യൂകാമ്പ് : സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയുടെ സമ്മര്‍ദ്ദത്തില്‍ ആദ്യ രണ്ടു ഗോള്‍ ദാനം നല്‍കുകയും അതിന് ശേഷം രണ്ടു ഗോള്‍ വഴങ്ങുകയൂം ചെയ്ത ഇറ്റാലിയന്‍ മുന്‍ ചാമ്പ്യന്മാര് റോമയ്ക്കും ലിവര്‍പൂളിന്റെ അറ്റാക്കിംഗ് ഫുട്ബോളില്‍ വിറച്ചു പോയ മാഞ്ചസ്റ്റര്‍ സിറ്റിക്കും യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വി. ക്വര്‍ട്ടറിലെ ആദ്യപാദ മത്സരങ്ങളില്‍ ഉജ്വല വിജയവുമായി ബാഴ്സിലോണയും ലിവര്‍പൂളും മേല്‍ക്കൈ നേടി.
റോമയെ സ്പാനിഷ് ചാമ്പ്യന്മാര് 4-1 നായിരുന്നു പരാജയപ്പെടുത്തിയത്. ബാഴ്സിലോണയുടെ ആദ്യ രണ്ടു ഗോളുകളും റോമ താരങ്ങളുടെ വകയായിരുന്നു. മെസ്സിയുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ 38 ാം മിനിറ്റില്‍ ദാനിയല്‍ ഡിറോസിയുടെ രക്ഷാപ്രവര്‍ത്തനം അബദ്ധമായി മാറിയപ്പോള്‍ ബാഴ്സിലോണ ആദ്യം മുന്നിലെത്തി. റോമയ്ക്ക് വീണ്ടും അബദ്ധം പറ്റിയത് 56 ാം മിനിറ്റിലായിരുന്നു. റാക്കിടിക്കിന്റെ ഒരു ക്രോസ് ഉംറ്റിറ്റിയെ ലക്ഷ്യമിട്ട് വരുമ്പോള്‍ പോസ്റ്റില്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ ഉംറ്റിറ്റിയില്‍ പന്തെത്തും മുമ്പ് കോസ്താസ് മോണോലാസ് പന്തില്‍ തൊട്ടു. ഗോളിയും പരാജയപ്പെട്ടിടത്ത് പോസ്റ്റില്‍ തട്ടിത്തെറിച്ച് മൊണാലസിന്റെ കാലില്‍ തന്നെ തട്ടി പന്ത് വലയില്‍ കയറി.
മൂന്ന് മിനിറ്റ് കളിഞ്ഞപ്പോള്‍ ജറാഡ് പിക്വേയിലൂടെ വീണ്ടും മുന്നിലെത്തിയ ബാഴ്സയ്ക്ക് സെക്കോയിലൂടെ റോമ മറുപടി പറഞ്ഞെങ്കിലൂം ഏഴു മിനിറ്റ് കഴിഞ്ഞപ്പോള്‍ ലൂയി സുവാരസിലൂടെ ബാഴ്സിലോണ് വീണ്ടും ഗോള്‍ നേടി. ആദ്യ പകുതി അവസാന സമയത്ത് പെല്ലെഗ്രിനിയെ ബോക്സിന് തൊട്ടുതൊട്ടില്ലെന്ന നിലയില്‍ ഉംറ്റിറ്റി വീഴ്ത്തിയെങ്കിലൂം സ്പോട്ട് കിക്കിന് പകരം റഫറി ഫ്രീകിക്കാണ് നല്‍കിയത്. കഴിഞ്ഞ എട്ടു മത്സരത്തില്‍ ഇതാദ്യമായി മെസി ഗോള്‍ നേടാതെ പോയി.
മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഏറ്റുമുട്ടിയ ഇംഗ്ളീഷ് ക്ളബ്ബുകളുടെ പോരില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളാണ് സിറ്റിക്ക് കൊടുത്തത്. സൂപ്പര്‍താരം സലായും, ചേംബര്ലീനും മാനേയും നേടിയ ഗോളുകളില്‍ ആദ്യ പകുതിയില്‍ തന്നെ ലിവര്‍പൂള്‍ ആദ്യപാദ മത്സരം തങ്ങളുടെ പക്ഷത്താക്കിയിരുന്നു. ടീമിനായി 12 ാം മിനിറ്റില്‍ ആദ്യഗോള്‍ നേടിയപ്പോള്‍ ലിവര്‍പൂളിന് വേണ്ടി ഈ സീസണില്‍ സലാ നേടിയ ഗോളുകളുടെ എണ്ണം 38 ആയി. യൂറോപ്പില്‍ സലായ്ക്ക് തൊട്ടു മുന്നിലുള്ളത് 39 ഗോളുകളുള്ള സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ മാത്രമാണ്.






