
ലണ്ടന്‍: കായിക ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നിന് കളമൊരുങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ലിവര്‍പുളിന്റെ 33 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ആമസോണ്‍ സ്‌ഥാപകന്‍ ജെഫ് ബെസോസ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം.
ഫെയ്‌സ്ബുക്കിന്റെ സഹ സ്‌ഥാപകരില്‍ ഒരാളായ എഡ്വേഡ് സാവെറിന്‍, ഇന്ത്യന്‍ വംശജനായ ഉരുക്കു വ്യവസായി ലക്ഷ്‌മി മിത്തല്‍, അദ്ദേഹത്തിന്റെ മരുമകന്‍ അമിത ഭാട്ടിയ എന്നിവരാണു കണ്‍സോര്‍ഷ്യത്തിനു പിന്നില്‍. ലിവര്‍പൂളിന്റെ മൂന്നിലൊന്ന് ഓഹരിയാണ് അവരുടെ ലക്ഷ്യം. 2010 മുതല്‍ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പാണു (എഫ്.എസ്.ജി.) ലിവര്‍പൂളിന്റെ ഓഹരിയുടെ സിംഹ ഭാഗവും കൈയാളുന്നത്. ഓഹരി കൈമാറ്റത്തെക്കുറിച്ച് എഫ്.എസ്.ജി. വൈകാതെ വാര്‍ത്ത പുറത്തുവിടുമെന്നാണു സൂചന.
ചാമ്പ്യന്‍ഷിപ്പ് ക്ലബ് ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിന്റെ ഓഹരിയുടമയായ അമിത് ഭാട്ടിയയാണു കണ്‍സോര്‍ഷ്യം നയിക്കുന്നത്. ലക്ഷ്‌മി മിത്തല്‍ മരുമകന് പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നാണു സൂചന. ഏകദേശം ആറ് ശതകോടി ഡോളര്‍ (ഏകദേശം 50,000 കോടി രൂപ) മൂല്യം കണക്കാക്കുന്നതാണ് ഈ കരാര്‍. ഈ കരാറോടെ ലിവര്‍പൂളിന്റെ ആകെ മൂല്യം ശതകോടികളിലെത്തും. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നാണിത്. പുതിയ പങ്കാളികളിലൂടെ ക്ലബിന്റെ സാമ്പത്തിക അടിത്തറ ശക്‌തമാകും. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാര്‍ ഒന്നിക്കുന്നുണ്ടെങ്കിലും പ്രീമിയര്‍ ലീഗിന്റെ കടുത്ത സാമ്പത്തിക നിയമങ്ങളുള്ളതിനാല്‍ താരങ്ങളെ വാങ്ങാന്‍ പരിധിയില്ലാതെ പണം ചെലവഴിക്കാനാകില്ല.
അയ്‌ബി കാപ്പിറ്റല്‍ സ്‌ഥാപകനായ അമിത് ഭാട്ടിയ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിലെ തന്റെ ഓഹരികള്‍ ഒഴിവാക്കുമെന്നാണു സൂചന. ലോകത്തിലെ മൂന്നാമത്തെ വലിയ കോടീശ്വരനും ആമസോണ്‍ സ്‌ഥാപകനുമായ ബെസോസ് ആദ്യമായാണ് ഒരു ഫുട്‌ബോള്‍ക്ല ബില്‍ നിക്ഷേപം നടത്തുന്നത്. ഫെയ്‌സ്ബുക്കിന്റെ സഹസ്‌ഥാപകനായ സാവെറിന്‍ മുമ്പ് പ്രീമിയര്‍ ലീഗിലെ തന്നെ ചെല്‍സിക്ല ബിനെ വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഉരുക്കു ഭീമന്‍ ആഴ്‌സലര്‍ മിത്തലിന്റെ ചെയര്‍മാനായ ലക്ഷ്‌മി മിത്തല്‍ അമിത് ഭാട്ടിയയുടെ ഭാര്യാ പിതാവാണ്.
ലിവര്‍പൂള്‍ നിലവില്‍ മാറ്റത്തിന്റെ ഘട്ടത്തിലാണ്. കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കിയതും പ്രമുഖ താരം ഈജിപ്‌തിന്റെ മുഹമ്മദ് സലാ കൂടുമാറിയതുമുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. ഈ സാഹചര്യത്തില്‍ പുതിയ നിക്ഷേപം നിര്‍ണായകമാണ്. കോടീശ്വരന്മാര്‍ വരുന്നതോടെ വലിയ തുക ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ക്ല ബിന് ലഭ്യമാകും. നിലവില്‍ സലാ അടക്കമുള്ള പ്രമുഖ താരങ്ങള്‍ മാറിയ സാഹചര്യത്തില്‍ വലിയ സൈനിങുകള്‍ നടത്താന്‍ ഇതു സഹായിക്കും. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ ബ്രാഡ്‌ലി ബാര്‍കോളയെ സ്വന്തമാക്കാനുള്ള നീക്കത്തിനു വേഗവുമാകും.
ജെറമി ജാക്വസ്, വിക്‌ടര്‍ മുനോസ്, റൊണാള്‍ഡ് അരാഹോ തുടങ്ങിയ താരങ്ങളെ റാഞ്ചാനുള്ള നീക്കങ്ങളും സജീവമായി. പുതിയ നിക്ഷേപകര്‍ക്ക് അവരുടെ സ്വന്തം പണം പരിധിയില്ലാതെ കളിക്കാരെ വാങ്ങാന്‍ ഉപയോഗിക്കാന്‍ പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ അനുവദിക്കില്ല. സ്വന്തം വരുമാനത്തിന് അനുസരിച്ച് മാത്രമേ പണം ചിലവഴിക്കാന്‍ സാധിക്കൂ.നിക്ഷേപകരില്‍ ബെസോസ് ഉള്ളതിനാല്‍ക്ല ബ്ബിന്റെ ആഗോള വാണിജ്യ വരുമാനവും സ്‌പോണ്‍സര്‍ഷിപ്പുകളും കുത്തനെ ഉയരും. 2021 ല്‍ ബെസോസ് ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്‌ഥാനമൊഴിഞ്ഞ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു. ആമസോണ്‍ കമ്പനിയുടെ എട്ട് ശതമാനം ഓഹരി ബെസോസിനു സ്വന്തമാണ്. വാഷിങ്‌ടണ്‍ പോസ്‌റ്റ് ദിനപത്രം, എയറോ സ്‌പേസ് കമ്പനി ബ്ലൂ ഒറിജിന്‍ എന്നിവയിലും ബെസോസ് സഹ ഉടമയാണ്.
2021 ല്‍ ലോകത്തെ ശത കോടീശ്വരന്‍മാരില്‍ ഒന്നാമനായി. 2023 ല്‍ യു.എസിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് വാഷിങ്‌ടണ്‍ കമാന്‍ഡേഴ്‌സിന്റെ ഓഹരികളും സ്വന്തമാക്കി. സൂപ്പര്‍ ബൗള്‍ ജേതാക്കളായ സിയാറ്റില്‍ സീഹാക്‌സിനെ സ്വന്തമാക്കാനും ബെസോസ് ശ്രമിച്ചിരുന്നു. ലിവര്‍പൂളിന്റെ വരുമാന വളര്‍ച്ച ഭാവിയില്‍ വലിയ ട്രാന്‍സ്‌ഫര്‍ ബജറ്റുകള്‍ക്ക് നിയമപരമായ വഴി തുറക്കും. ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് ക്ലബ് പൂര്‍ണമായി വില്‍ക്കില്ല. 2010 ല്‍ 300 ദശലക്ഷം ഡോളറിനാണു ലിവര്‍പൂള്‍ ഏറ്റെടുത്തത്. അവര്‍ തന്നെ ഭൂരിപക്ഷ ഓഹരികളോടെ ഭരണം നിയന്ത്രിക്കും. പുതിയ സഖ്യത്തില്‍ നിന്നുള്ള പണം ഉപയോഗിച്ച് ആന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ വികസനം, മറ്റ് അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവയ്‌ക്ക് എടുത്ത കടങ്ങള്‍ വീട്ടാം. അതിലൂടെ ക്ലബിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാം. ന്യൂനപക്ഷ നിക്ഷേപം മാത്രമാണെങ്കിലും ഭാവിയില്‍ ഈ സഖ്യം ലിവര്‍പൂളിന്റെ പൂര്‍ണമായ ഉടമസ്‌ഥാവകാശം ഏറ്റെടുക്കാന്‍ ശ്രമിച്ചേക്കുമെന്ന സൂചനകളും വിദഗ്‌ദ്ധര്‍ നല്‍കുന്നുണ്ട്.





Comments