
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് മൂന്നാം സീസണിനായുള്ള മുന്നൊരുക്കങ്ങള്‍ ശക്‌തമാക്കി. പരിചയസമ്പന്നനായ വിങ്ങര്‍ നിജോ മഹേഷ് ഗില്‍ബര്‍ട്ടിനെയും കണ്ണൂരിന്റെ യുവ പ്രതിരോധതാരം സച്ചിന്‍ സുനിലിനെയും അവര്‍ ടീമിലെത്തിച്ചു.
കഴിഞ്ഞ രണ്ട് സീസണുകളില്‍ ഫോഴ്‌സ കൊച്ചിയുടെ ആക്രമണത്തിന് നേതൃത്വം വഹിച്ച താരമാണ് നിജോ. ഏഴ് മത്സരങ്ങളില്‍നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്‌റ്റുകളും നേടി. 2025-26 കേരള പ്രീമിയര്‍ ലീഗ് സീസണില്‍ കെ.എസ്.ഇ.ബിക്കായി എട്ട് ഗോളുകളടിച്ചു.
ദേശീയ തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുള്ള താരമാണ് നിജോ. 2021-22 ലെ സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു. 76-ാം സന്തോഷ് ട്രോഫിയില്‍ ഒന്‍പത് ഗോളുകളുമായി ടോപ് സ്‌കോറായി. 2023 ലെ 77-ാം സന്തോഷ് ട്രോഫിയില്‍ കേരളാ നായകനുമായി. ദേശീയ ഗെയിംസിലും കേരളത്തിന് വേണ്ടി മെഡല്‍ നേടി. 36-ാം ദേശീയ ഗെയിംസില്‍ വെള്ളിയും 37-ാം ദേശീയ ഗെയിംസില്‍ വെങ്കലവും നേടി.
കഴിഞ്ഞ സീസണിലെ കിരീട നേട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഭാഗമായിരുന്നു സച്ചിന്‍ സുനില്‍. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 25 ടാക്കിളുകളും 18 ഇന്റര്‍സെപ്‌ഷനുകളും ഒരു ചാന്‍സ് ക്രിയേഷനും നടത്തി. 38-ാമത് ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു. സൂപ്പര്‍ ലീഗ് കേരള സീസണിന് ശേഷം മഹാരാഷ്‌ട്രയിലെ കൊലാപൂര്‍ ഫുട്‌ബോള്‍ ലീഗില്‍ ഖണ്ഡോബ എഫ്.സിക്കായും സച്ചിന്‍ കളിച്ചിട്ടുണ്ട്. പറശിനിക്കടവ് നംബ്രം സ്വദേശിയാണ്.





Comments