
ന്യുഡല്‍ഹി: 'വ്യാജ വാര്‍ത്ത'യുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കം പാളിയതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും വാര്‍ത്ത സൈറ്റുകളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അണിയറയില്‍ നീക്കം തുടങ്ങി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഒരു സമിതിക്ക് രൂപം നല്കി. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അധ്യക്ഷനായ സമിതി ബുധനാഴ്ചയാണ് രൂപീകരിച്ചത്.
വ്യാജ വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാനുള്ള ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഇടപെടലോടെ വിവാദ തീരുമാനം മന്ത്രാലയം പിന്‍വലിക്കുകയായിരുന്നു. ഈ സര്‍ക്കുലര്‍ പിന്‍വലിച്ചതിനു തൊട്ടുപിറ്റേന്നാണ് ഓണ്‍ലൈന്‍ മാധ്യമ നിയന്ത്രണത്തിന് സമിതി രൂപീകരിച്ചത്.
പത്തംഗ സമിതിയില്‍ ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറിക്ക് പുറമേ, ആഭ്യന്തരം, ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ , നിയമം, ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന് മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷന് എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.
അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ പോലെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിയന്ത്രണം ആവശ്യമായ മേഖല ഏതൊക്കെയാണെന്ന് സമിതി കണ്ടെത്തണം. വിനോദിപ്പിക്കുന്ന വിജ്ഞാനം, വാര്‍ത്ത തുടങ്ങിയ തലങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, വാര്‍ത്ത പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ കണ്ടന്റ് പ്ലാറ്റ്ഫോമുകള് എന്നിവയ്ക്കു വേണ്ടി നയങ്ങള്‍ ശിപാര്‍ശ ചെയ്യണം.
രാജ്യത്ത് നിലനില്‍ക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങളും ടിവി ചാനലുകളുടെ പരിപാടികളും പരസ്യ കോഡുകളും മാധ്യമ സംഘടനകളുടെ പ്രതിനിധികള്‍ നല്കുന്ന മാനദണ്ഡങ്ങളും സമിതി പരിശോധിക്കണം. മറ്റു രാജ്യങ്ങളിലെ കാര്യനിര്‍വ്വാഹക രീതികളും പരിശോധിച്ച് ഉചിതമായവ സ്വീകരിക്കാം.
നിലവില്‍ സ്വകാര്യ ചാനലുകളെയും അച്ചടി മാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും വെബ്സൈറ്റുകളെയും വാര്‍ത്ത പോര്‍ട്ടലുകളെയും നിയന്ത്രിക്കാന്‍ യാതൊരുവിധ മാര്‍ഗരേഖകളോ ചട്ടങ്ങളോ രാജ്യത്ത് നിലവിലില്ല. അതുകൊണ്ടാണ് ഇത്തരമൊരു സമിതി രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.






