
തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്താന്‍ അലിഭായിയുടെ നേതൃത്വത്തിലുള്ള സംഘം ആസൂത്രണം നടത്തിയത് സിനിമാക്കഥകളെ വെല്ലുന്ന രീതിയില്‍. ക്വട്ടേഷനുവേണ്ട കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഖത്തറിലെ വ്യവസായി സത്താര്‍ നല്‍കിയിരുന്നു. െകെയും കാലും വെട്ടിമാറ്റാനായി രണ്ടു ലക്ഷം രൂപയുടെ ക്വട്ടേഷനാണു നല്‍കിയതെന്നും സൂചനയുണ്ട്. െകെകാലുകള്‍ അറ്റുപോയ രാജേഷ് രക്തംവാര്‍ന്ന് മരിക്കുകയായിരുന്നു.
കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും സത്താറിനെ അറിയിച്ചിരുന്നെന്ന് അലിഭായി പറഞ്ഞു. അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ ഖത്തറില്‍നിന്നു കേരളത്തിലെത്തിച്ചു പിടികൂടി. ഇന്നലെ രാവിലെ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ക്വട്ടേഷന്‍ നടപ്പാക്കുന്നതിന് ഒരാഴ്ചമുമ്പ് അലിഭായി നേപ്പാളിലെ കാഠ്മണ്ഡുവില്‍ വിമാനമിറങ്ങി. അവിടെനിന്നു ബംഗളുരുവിലെത്തി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു. വിശ്വസ്തനായ കായംകുളം അപ്പുണ്ണിയെ ബംഗളുരുവിലേക്കു വിളിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. അപ്പുണ്ണിയുടെ അടുത്ത സുഹൃത്തായ കൊല്ലം ഓച്ചിറ സ്വദേശി തന്‍സീറിനെയും ബംഗളുരുവിലേക്കു വിളിച്ചുവരുത്തി. പിന്നീട് ട്രെയിനില്‍ ആലപ്പുഴയിലെത്തി. വാട്ട്സ് ആപ്പ് വഴി മാത്രം പരസ്പരം ബന്ധപ്പെട്ടാല്‍ മതിയെന്ന് അലിഭായി നിര്‍ദേശിച്ചിരുന്നു.
അടൂരില്‍നിന്ന് തരപ്പെടുത്തിയ സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ച് രാജേഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഇതിനിടെ, കായംകുളം അപ്പുണ്ണി ഡോക്യുമെന്ററി നിര്‍മാണത്തിനു സഹായം അഭ്യര്ഥിക്കാനെന്ന വ്യാജേന രാജേഷിനെ നേരില്‍ കാണുകയും ചെയ്തു. തുടര്‍ന്നാണു ക്വട്ടേഷന്‍ നടപ്പാക്കിയത്. ഖത്തറിലെ വ്യവസായിയും സുഹൃത്തുമായ സത്താര്‍ നല്കിയ ക്വട്ടേഷന്‍ പ്രകാരമാണു രാജേഷിനെ ആക്രമിച്ചതെന്ന് കൊല്ലം ഓച്ചിറ സ്വദേശിയായ അലിഭായി പോലീസിനോടു സമ്മതിച്ചു.
സത്താറിന്റെ ദാമ്പത്യജീവിതം തകര്‍ത്തതിനുള്ള പ്രതികാരമായിരുന്നു ക്വട്ടേഷന്‍. സത്താറിന്റെ ഭാര്യയും ഖത്തറില്‍ നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷ് ബന്ധം പുലര്‍ത്തിയിരുന്നു. സത്താര്‍ പലതവണ വിലക്കിയിട്ടും രാജേഷ് പിന്മാറിയില്ല. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടും സത്താറിനെ പ്രകോപിപ്പിച്ചു. അതോടെ ദാമ്പത്യബന്ധം തകര്‍ന്നു. തുടര്‍ന്നാണ് തനിക്കു ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായി വെളിപ്പെടുത്തി.
ആക്രമണത്തിനായി നാട്ടിലേക്കു പോകാന്‍ വിമാനടിക്കറ്റ് സംഘടിപ്പിച്ചതും സത്താറായിരുന്നു. താനാണ് ആസൂത്രണം നിര്‍വഹിച്ചത്. ആക്രമണത്തിന് ഉറ്റസുഹൃത്തായ അപ്പുണ്ണിയുടെയും അപ്പുണ്ണിയുടെ സുഹൃത്തായ തന്‍സീറിന്റെയും സഹായം ലഭിച്ചു. കൊലയ്ക്കു ശേഷം കൊല്ലത്ത് ആയുധം ഉപേക്ഷിച്ചു. പിന്നീട് നേപ്പാളിലൂടെ ഖത്തറിലേക്കു മടങ്ങുകയായിരുന്നെന്നും അലിഭായി പറഞ്ഞു. കൊലപാതകത്തില്‍ അലിഭായിയുടെ പങ്ക് തിരിച്ചറിഞ്ഞ പോലീസ് ഖത്തറിലെ മലയാളി സംഘടനകളും ഇന്റര്‍പോളും വഴിയാണ് നാട്ടിലെത്തിക്കാന്‍ നീക്കം നടത്തിയത്. സ്പോണ്‍സറെ സമ്മര്‍ദത്തിലാക്കുകയും ചെയ്തതോടെ രക്ഷപ്പെടാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട അലിഭായി തിരുവനന്തപുരത്തേക്കു വരികയായിരുന്നു.






