
കിളിമാനൂര്‍(തിരുവനന്തപുരം): മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പോലീസിന് തുണയായത് കൊലപാതകികള്‍ ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങള്‍. രണ്ടുപേര്‍കൂടി പിടിയിലായാല്‍ കേസിന്റെ പൂര്‍ണരൂപം വ്യക്തമാകും. ഇന്നലെ രാവിലെ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിനടുത്ത് കായലില്‍ നിന്നും കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. മാര്‍ച്ച് 27 നാണ് മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസില്‍ രാജേഷിനെ (35) മടവൂര്‍ പോസ്റ്റാഫീസ് ജങ്ഷനിലെ കടമുറിക്കുള്ളില്‍ കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന രാജേഷിന്റെ സഹപ്രവര്ത്തകന് വെള്ളല്ലൂര്‍ സ്വദേശി കുട്ടനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.
കുട്ടന്റെ മൊഴിയില്‍ നിന്നാണ് കൊലയാളി സംഘം എത്തിയത് ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാറിലാണെന്ന നിര്‍ണായക വിവരം ലഭിച്ചത്. സംഭവസ്ഥലം മുതല്‍ കാര്‍ പോയ വഴി കണ്ടെത്തുകയും കാര്‍ ഉടമയെ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് രണ്ടാഴ്ചകൊണ്ട് പ്രധാനപ്രതിയടക്കം അഞ്ചുപേരെ പിടികൂടാന്‍ കഴിഞ്ഞത്. രണ്ടാം പ്രതിയായ അപ്പുണ്ണി എന്ന രാജനും കൊലയ്ക്കു ക്വട്ടേഷന്‍ നല്കിയ വിദേശമലയാളി സത്താറുമാണ് പിടിയിലാകാനുള്ളത്. അടുത്ത ദിവസങ്ങളില്‍ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് റൂറല്‍ എസ്.പി. പറഞ്ഞു. ഖത്തറിലുള്ള സത്താറിന്റെ ബിസിനസും കുടുംബവും തകര്‍ത്തത്തിലുള്ള പകയാണ് ക്വട്ടേഷന്‍ നല്കാന് കാരണമായതും കൊലയിലേക്ക് നയിച്ചതുമെന്നു പോലീസ് പറഞ്ഞു. തെളിവെടുപ്പിന്റെ ഭാഗമായി സത്തറിന്റെ ഭാര്യയേയും നാട്ടില്‍ എത്തിക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചു.
അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയത്ത് തെക്കേതില്‍ വീട്ടില്‍ തന്‍സീര്‍ (24), ശക്തികുളങ്ങര കുന്നിന്മേല് ചേരിയില്‍ ആലോട്ട് തെക്കതില്‍ വീട്ടില്‍ സനു (33), ഓച്ചിറ മേമന വലിയകുളങ്ങര എം.എ. കോട്ടേജില്‍ യാസിന് മുഹമ്മദ് (23), കുണ്ടറ ചെറുമൂട് എല്‍.എസ്. നിലയത്തില്‍ സ്ഫടികം സ്വാതി സന്തോഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു. റൂറല്‍ എസ്.പി: അശോക് കുമാറിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിെവെ.എസ്.പി: പി. അനില്‍കുമാര്‍, സി.ഐമാരായ വി.എസ്. പ്രദീപ്കുമാര്‍, എം. അനില്‍കുമാര്‍, പി.വി. രമേഷ്കുമാര്‍, റൂറല്‍ ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളും വെട്ടുകത്തിയും കരുനാഗപ്പള്ളി കന്നേറ്റിക്കായലില്നിന്നു കണ്ടെടുത്തു. ഇന്നലെ രാവിലെ എട്ടോടെ പോലീസും കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. അറസ്റ്റിലായ ഓച്ചിറ മേമനം പനച്ചമൂട്ടില്‍ മുഹമ്മദ് സാലിഹ് (26), കരുനാഗപ്പള്ളി കെ.എസ്. പുരം കൊച്ചായത്ത് തെക്കതില്‍ തന്‍സീര്‍ (25) എന്നിവരെ ചൊവ്വാഴ്ച്ച െവെകിട്ടു കനത്ത സുരക്ഷാവലയത്തില്‍ കന്നേറ്റി പാലത്തിനു താഴെ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. മുഹമ്മദ് സാലിഹാണു വധത്തിനായി ഉപയോഗിച്ച ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും കന്നേറ്റിക്കായലില്‍ ഉപേക്ഷിച്ചെന്ന വിവരം പോലീസിനു നല്‍കിയത്.
ഇതേത്തുടര്‍ന്നായിരുന്നു പരിശോധന. ചൊവ്വാഴ്ച്ച മുങ്ങല്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ കായലില്‍ ആയുധങ്ങള്‍ക്കായി പരിശോധന നടത്തിയിരുെന്നങ്കിലും കണ്ടെത്തിയില്ല. ആയുധങ്ങള്‍ക്കൊപ്പം കായലിലെറിഞ്ഞ രക്തംപുരണ്ട വസ്ത്രം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊലയ്ക്കുശേഷം കായംകുളത്തേക്കു പോയ പ്രതികള്‍ ആയുധങ്ങള്‍ ചവറ പാലത്തിനു താഴെ കായലില്‍ കളയാന്‍ ശ്രമിച്ചിരുന്നെന്നും വീതി കുറഞ്ഞ കായലില്‍ കളയേണ്ടെന്നു സാലിഹ് പറഞ്ഞതിനെത്തുടര്‍ന്ന് കന്നേറ്റിക്കായലില്‍ ആയുധങ്ങളും വസ്ത്രങ്ങളും ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.






