
ന്യൂഡല്‍ഹി: കത്വവ, ഉന്നാവ പീഡനങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. ബ്രാഹ്മണ ആധിപത്യ പ്രദേശത്ത് താമസിക്കാനെത്തിയതിനാണ് കശ്മീരില്‍ ആസിഫ എന്ന എട്ട് വയസുകാരിയെ ദിവങ്ങളോളം ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. കശ്മീരിലെ ക്ഷേത്രത്തിനകത്ത് പെണ്‍കുട്ടിയെ ബന്ദിയാക്കി വച്ചാണ് പീഡനം നടത്തിയത്. സംഭവത്തിലെ പോലീസ് കുറ്റപത്രം പുറത്ത് വന്നതോടെയാണ് പെണ്‍കുട്ടി നേരിട്ട ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.
ചിന്തിക്കാനാകാത്ത കുറ്റകൃത്യമാണ് കത്വവ പെണ്‍കുട്ടിക്ക് നേരെ ഉണ്ടായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉപവസിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിനെ സംരക്ഷിക്കുന്ന നടപടിയാണ് യു.പിയില്‍ വിവാദമായിരിക്കുന്നത്. ഇതിനെതിരെയും രാജ്യവ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എം.എല്‍.എയ്ക്കെതിരെ നടപടി എടുക്കാത്തതിനെതിരെ യു.പി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ വ്യക്തമായ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് എം.എല്‍.എയെ അറസ്റ്റ് ചെയ്തില്ലെന്ന് അലഹാബാദ് ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യം പോലുമുണ്ടായി. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടും എം.എല്‍.എയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എം.എല്‍.എയുടെ സഹോദരന് ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചപ്പോഴാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.







Comments