
ലൊസാഞ്ചലസ്: അമേരിക്കയില്‍ നദിയില്‍ വാഹനം മുങ്ങി കാണാതായെന്ന് സംശയിക്കുന്ന നാലാംഗ മലയാളി കുടുംബത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. വിവിധ രക്ഷാവിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള സംയുക്ത അന്വേഷണ സംഘം വ്യാപക തിരച്ചില്‍ നടത്തുകയാണെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ വ്യക്തമാക്കി.
കനത്തമഴയിലുണ്ടായ അപകടത്തില്‍ ഹൈവേ 101 ല്‍ നിന്ന് തെന്നി ഈല്‍ നദിയിലേക്ക് വാഹനം വീഴുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ വാഹനം കണ്ടെത്താന്‍ അന്വേഷണം നദിയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള തോട്ടപ്പള്ളി കുടുംബത്തിലെ സന്ദീപ് തോട്ടപ്പള്ളി(42) ഭാര്യ സൗമ്യ(38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി(ഒന്‍പത്) എന്നീവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്.
പോര്ട്ലാന്ഡില് നിന്ന് സാന്‍ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം ഉള്‍പ്പെടെ അപ്രത്യക്ഷമായത്. ഇവര്‍ സഞ്ചരിച്ച വാഹനം കനത്തമഴയിലും ശക്തമായ ഒഴുക്കിലും നദിയിലേക്കു വീണതാകാമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
അതേസമയം ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറുണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നു. ഇവര്‍ സഞ്ചരിച്ചതിനു സമാനമായ വാഹനം ഈല്‍ നദിയിലേക്കു പതിച്ചതായി അധികൃതര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ശക്തമായ ഒഴുക്കില്‍ കാര്‍ കാണാതാകുകയായിരുന്നു.
എറണാകുളം മുനമ്പത്തുനിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ ഗുജറാത്തിലെത്തിയതാണു സന്ദീപിന്റെ തോട്ടപ്പള്ളി കുടുംബം. ഗുജറാത്തിലെ സൂറത്തിലെ വീട്ടിലിരുന്ന് മകനും കുടുംബത്തിനും ഒന്നും വരുത്തരുതേ എന്ന് പ്രാര്‍ത്ഥനയിലാണ് തോട്ടപ്പള്ളിയില്‍ ബാബു സുബ്രഹ്മണ്യവും ഭാര്യ രമയും. സന്ദീപ് 15 വര്‍ഷമായി യുഎസിലാണ്. കാനഡയില്‍ സ്ഥിരതാമസമാക്കിയ മറ്റൊരു മകന് സച്ചിന് വിവരമറിഞ്ഞ് കാലിഫോര്‍ണിയയില്‍ എത്തിയിട്ടുണ്ട്. എറണാകുളം കാക്കനാട് പടമുകള്‍ ടൗണ്‍ഷിപ്പിലെ അക്ഷയയില്‍ സോമനാഥപിള്ളയുടെയും രത്നലതയുടെയും മകളാണ് സൗമ്യ.






