
ന്യൂഡല്‍ഹി: മലയാള ചിത്രങ്ങള്‍ വീണ്ടും തിളങ്ങിയിരിക്കുകയാണ് അറുപത്തിയഞ്ചാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍. മലയാളികളുടെ സ്വന്തം ദിലീഷ് പോത്തന് ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും ഓരോ അവാര്‍ഡുകള്‍ നേടുമ്പോഴും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് ആഘോഷിക്കുകയാണ്.
ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം മുതല്‍ മലയാളികളുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് ദിലീഷ് പോത്തന്. റിയലിസത്തിന്റെ മറ്റൊരു വശം കാണിച്ചുതന്ന സംവിധായകനെ മലയാളികള്‍ പോത്തേട്ടന്‍സ് ബ്രില്യന്‍സ് എന്ന പറഞ്ഞു കൊണ്ടാടിയിരുന്നു. ഇതുതന്നെയാണ് രണ്ടാം ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരം കരസ്തമാക്കാന്‍ സാധിച്ചതും.
ഇത് തന്നെയാണ് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ശേഖര്‍ കപൂറും പറഞ്ഞത്. അസാധാരണ ചിത്രമാണെന്ന് പറഞ്ഞ അദ്ദേഹം തിരക്കഥ അതിഗംഭീരമാണെന്നും സൂചിപ്പിച്ചു. ഇതിന് പുറമെ അഭിനേതാക്കള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും ജൂറി വിലയിരുത്തി.
മലയാളികള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യ പരിചരണവും കാണാത്ത കാഴ്ചകളുമാണ് തൊണ്ടിമുതലിനെ പ്രേക്ഷക പിന്തുണ വര്‍ദ്ധിപ്പിച്ചത്. മികച്ച ചിത്രവും, തിരക്കഥയുമടക്കം രണ്ട് ദേശീയ പുരസ്കാരങ്ങളാണ് തൊണ്ടിമുതലിനെ തേടിയെത്തിയത്.






