
തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്.സി.സി) രക്താര്‍ബുദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എച്ച്.ഐ.വി ബാധിതന്റെ രക്തം കുട്ടിക്ക് നല്‍കിയിരുന്നതായി സ്ഥിരീകരണം.
എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ പരിശോധനാഫലം പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. ചികിത്സയ്ക്കിടെ 48 പേരുടെ രക്തം കുട്ടിക്ക് രക്തം നല്‍കിയിരുന്നെന്നും ഇതില്‍ ഒരാള്‍ക്ക് എച്ച്.ഐ.വി രോഗം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിന്‍ഡോ പിരീഡില്‍ ആയിരുന്നത് കൊണ്ടാണ് രോഗം തിരിച്ചറിയാതിരുന്നത്.
കാന്‍സര്‍ ചികിത്സയിലിരുന്ന ഒന്‍പത് വയസുകാരിയ്ക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ആര്.സി.സിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ ബന്ധുക്കള്‍. ആശുപത്രി അധികൃതര്‍ ലാഘവത്തോടെയാണ് പ്രശ്നങ്ങളെ കാണുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സയിലിരിക്കെയാണ് ഇത് സംഭവിച്ചതെന്നിരിക്കെയാണ് പ്രശ്നത്തെ വെറും സാങ്കേതികമായ കാരണങ്ങള്‍ നിരത്തി ലഘൂകരിക്കുന്നത്.
വിന്േഡോ പിരീഡില്‍ രക്തം സ്വീകരിച്ചതാണ് രോഗത്തിന് ഇടയാക്കിയതെന്നും ഈ സാഹചര്യത്തില്‍ വൈറസ് ബാധ കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഈ സംവിധാനങ്ങള്‍ എന്തുകൊണ്ട് ഇതുവരെ നടപ്പിലാക്കിയില്ല എന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ചോദിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ആര്.സി.സിയില്‍ ചികിത്സയിലിരിക്കുന്ന ഒന്‍പത് വയസുകാരി പെണ്‍കുട്ടിക്ക് എച്ച്.ഐ.വി സ്ഥിതീകരിച്ചത്. രക്താര്‍ബുദത്തിന് ഇവിടെ ചികിത്സയിലായിരുന്ന കുട്ടിയ്ക്ക് നല്കപ്പെട്ട രക്തത്തില്‍ നിന്നാണ് എച്ച്.ഐ.വി പകര്‍ന്നതെന്നാരോപിച്ച് മാതാപിതാക്കള്‍ പരാതിയുമായി എത്തിയത്.
എന്നാല്‍ കുട്ടിയ്ക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് സാങ്കേതികമായി യാതൊരു പിഴവും വന്നിട്ടില്ലെന്നായിരുന്നു ആര്.സി.സിയുടെ വിശദീകരണം. അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.രാംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ആഭ്യന്തര സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അണുബാധ വെളിപ്പെടുന്നതിന് മുന്‍പ് തന്നെ ദാതാവില്‍ നിന്ന് രക്തം സ്വീകരിച്ചതാണ് രോഗം പകരാന്‍ ഇടയാക്കിയതെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ വൈറസ് ബാധ കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
അതേസമയം മകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ തുടര്‍ ചികിത്സ നല്‍കുന്നുണ്ടെങ്കിലും കുട്ടിയുടെ ഭാവിയും വിദ്യാഭ്യാസവും പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.






