
ന്യൂഡല്‍ഹി : കത്വവയില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. പേരും ചിത്രവും പ്രസിദ്ധീകരിച്ച് ഇരയെ തിരിച്ചറിയുന്ന തരത്തില്‍ വാര്‍ത്ത നല്കിയ മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഈ സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടിരിക്കുന്നത്. ഈ തുക ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഇരകള്‍ക്കായുള്ള ഫണ്ടിലേയ്ക്ക് കൈമാറാനാണ് കോടതി നിര്‍ദേശം.
ഇതിനിടെ, നോട്ടീസ് ലഭിച്ച മാധ്യമങ്ങള്‍ കോടതിയില്‍ ഖേദപ്രകടനം നടത്തി. പീഡനക്കേസിലെ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത് ആറു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതും കോടതി ഓര്‍മ്മിപ്പിച്ചു.
സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിനെ വിമര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗത്തെത്തി. ഒരു സ്ത്രീയ്ക്കോ പെണ്കുട്ടിയ്ക്കോ ഇനി ഇങ്ങനെയൊന്ന് ഉണ്ടാകില്ലെന്ന് നാം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






