
ന്യൂഡല്‍ഹി: വിദ്യാര്‍ഥിനിക്ക് നേരെ ബീജം നിറച്ച ബലൂണുകള്‍ എറിഞ്ഞെന്നുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് പോലീസ്. മാര്‍ച്ച് മാസം ഒന്നാം തിയതിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച പരാതിയുമായി വിദ്യാര്‍ഥിനി രംഗത്തെത്തിയത്. ഹോളി ആഘോഷത്തിന്റെ മറവില്‍ ദില്ലിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ബീജം നിറച്ച ബലൂണുകള്‍ എറിഞ്ഞെന്നായിരുന്ന പരാതി.
ചായം നിറച്ച ബലുണുകള്‍ക്ക് പകരം ചില സാമൂഹ്യ ദ്രോഹികള്‍ ബീജം നിറച്ച ബലൂണെറിഞ്ഞ് ഹോളി ആഘോഷിച്ചെന്ന് എല്‍എസ്ആര്‍ കോളജ് വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് ഫോറന്‍സിക് പരശോധനയുടെ ഫലം തെളിയിക്കുന്നത്. പരാതി ഉന്നയിച്ച വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു.
കോളേജില്‍ നിന്നുംവീട്ടിലേക്ക് ബസില്‍ പോകുമ്പോള്‍ തനിക്ക് നേരെ ചിലര്‍ പുറത്ത് നിന്നു ബലൂണ്‍ എറിയുകയായിരുന്നെന്നാണ് അക്രമത്തിനിരയായ പെണ്‍കുട്ടി പരാതിപ്പെട്ടത്. തനിക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ ബസിലുണ്ടായിരുന്ന സ്ത്രീകള്‍ പോലും പ്രതിഷേധിക്കാന്‍ തയ്യാറായില്ലെന്നും അത് വളരെ വിഷമിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ മറ്റുചില കോളജുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും സമാന പരാതികള്‍ ഉയര്‍ന്നു. വിദ്യാര്‍ഥികളും അധ്യാപകരും അടക്കമുള്ളവര്‍ ഡല്‍ഹി പൊലീസ് ആസ്ഥാനത്തിനു മുന്നിലും വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.






