ചെന്നൈ: ഡി.എം.കെ നേതാവ് കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബി.ജെ.പി നേതാവ് എച്ച്. രാജ. ബി.ജെ.പി ദേശീയ സെക്രട്ടറിയും നിരന്തരം വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനുമായ നേതാവാണ് എച്ച്. രാജ. രാജ്യസഭാ എം.പി കൂടിയായ കനിമൊഴിക്കെതിരെ രാജ നടത്തിയ പ്രസ്താവനയില്‍ തമിഴ്നാട്ടിലെങ്ങും പ്രതിഷേധം ശക്തമാവുകയാണ്.
തമിഴ്നാട്ടിലെ തിരുവരൂര്‍, പെരുമ്പല്ലൂര്‍, നാമക്കല്‍, കാരൈക്കുടി, തിരുപ്പൂര്‍, വേലൂര്‍, സേലം, കൂടല്ലൂര്‍, തിരുനെല്‍വേലി എന്നിവടങ്ങളില്‍ എച്ച് രാജയ്ക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു. രാജുടെ പോസ്റ്ററുകളില്‍ ചെരുപ്പിന് അടിച്ചും കോലത്തില്‍ അടിച്ചും നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ രാജയെ അറസ്റ്റ് ചെയ്യണമെന്ന മുദ്രാവാക്യങ്ങളുമുയര്‍ന്നു.
തിരുവരൂരില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. കാരൈക്കുടിയില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തമിഴ്നാട്ടില്‍ കോളജ് അധ്യാപിക തന്റെ വിദ്യാര്‍ത്ഥിനികളെ ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ച സംഭവത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ പിടിച്ച സംഭവത്തില്‍ പ്രതികരിച്ചതിനാണ് കനിമൊഴിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനയുമായി രാജ രംഗത്ത് വരാന്‍ കാരണം.
നേരത്തെ തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്തതിന് വിവാദത്തിലായ നേതാവാണ് എച്ച്. രാജ.






