ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികളുടെ പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് ബി.ജെ.പി. ഹര്‍ജികള്‍ക്ക് പിന്നിലുള്ള അദൃശ്യകരം രാഹുല്‍ ഗാന്ധിയുടേതാണ്. ജുഡീഷ്യറിയെ ഉപയോഗിച്ച് അമിത് ഷായെ വ്യക്തിഹത്യ ചെയ്യാനായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും ബി.ജെ.പി ദേശീയ വക്താവ് സംബീത് പത്ര ആരോപിച്ചു.
ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പൊതുതാല്‍പ്പര്യ ഹര്‍ജികളല്ല പൊളിറ്റിക്കല്‍ ഇന്ററസ്റ്റ് ലിറ്റിഗേഷനാമെന്നും പത്ര പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു സംബീത് പത്ര. അമിത് ഷായേയും ഇന്ത്യന്‍ ജുഡീഷ്യറിയേയും സംശയനിഴലില്‍ നിര്‍ത്താന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും പത്ര ആവശ്യപ്പെട്ടു. ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു.
മുതിര്‍ന്ന നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ജുഡീഷ്യറിയെ ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി അമിത് ഷായോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജുഡീഷ്യറിയെ സംശയിച്ചാല്‍ എല്ലാ അന്വേഷണ ഏജന്‍സികളേയും സംശയിക്കുകയാണെന്നും ജിതേന്ദ്ര പറഞ്ഞു.
അമിത് ഷാ ആരോപണവിധേയനായ സൊറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ന്യായാധിപനാണ് ലോയ. അദ്ദേഹത്തിന്റെ ദുരൂഹ മരണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വെളിപ്പെടുത്തി സഹോദരി രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.






