ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതില്‍ ആരോപണ പ്രത്യാരോപണവുമായി ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി. ലോയയും മരണത്തില്‍ ദുരൂഹതയും കേസിനെ സംബന്ധിച്ച ചോദ്യങ്ങളും ബാക്കിയാണെന്ന് കോണ്‍ഗസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.
അതേസമയം കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ച് ബി.ജെ.പി രംഗത്ത് വന്നു. ബി.ജെ.പിയേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ക്ക് പിന്നിലുണ്ടായിരുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. അമിത് ഷായെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ അമിത് ഷായെ സ്വഭാവഹത്യ ചെയ്യുന്ന ആരോപണങ്ങള്‍ രാഹുല്‍ ഉന്നയിച്ചുവെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ക്ക് പിന്നില്‍ രാഹുല്‍ ഗാന്ധിയാണെന്ന് നേരത്തെ ബി.ജെ.പി ആരോപിച്ചിരുന്നു. ബി.ജെ.പി ദേശീയ വക്താവ് സംബീത് പത്രയാണ് ആരോപണം ഉന്നയിച്ചത്. ഹര്‍ജികള്‍ പൊതുതാല്‍പ്പര്യ ഹര്‍ജികളല്ല പൊളിറ്റിക്കല്‍ ഇന്ററസ്റ്റ് ലിറ്റിഗേഷനാമെന്നും പത്ര പറഞ്ഞു. സമാനമായ പ്രതികരണങ്ങളാണ് മറ്റ് ബി.ജെ.പി നേതാക്കളും നടത്തിയത്.
മുതിര്‍ന്ന നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ജുഡീഷ്യറിയെ ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി അമിത് ഷായോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജുഡീഷ്യറിയെ സംശയിച്ചാല്‍ എല്ലാ അന്വേഷണ ഏജന്‍സികളേയും സംശയിക്കുകയാണെന്നും ജിതേന്ദ്ര പറഞ്ഞു.
അമിത് ഷാ ആരോപണവിധേയനായ സൊറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ന്യായാധിപനാണ് ലോയ. അദ്ദേഹത്തിന്റെ ദുരൂഹ മരണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വെളിപ്പെടുത്തി സഹോദരി രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.






